24 മണിക്കൂറിനുള്ളിൽ ഹാജരാക്കിയില്ല: എംഡിഎംഎ പ്രതിക്ക് മോചനം, പൊലീസ് വീഴ്‌ച വിവാദമാകുന്നു


സ്വന്തം ലേഖകൻ
Published on Nov 16, 2026, 08:46 AM | 1 min read
കൊല്ലം : അറസ്റ്റ് നടപടിക്രമങ്ങളിലെ വീഴ്ചയെ തുടർന്ന് എംഡിഎംഎ കേസ് പ്രതി റിമാൻഡിലാകാതെ രക്ഷപ്പെട്ടത് വിവാദമാകുന്നു. അഞ്ചാലുംമൂട് സ്‌റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് പൊലീസിന്റെ ഗുരുതര വീഴ്‌ച.
പത്തിന് വൈകിട്ട് മൂന്നിന് തൃക്കടവൂർ അമ്പലത്തിന് സമീപം വാടകവീട്ടിൽനിന്ന് അഞ്ചാലുംമൂട് പൊലീസ് പിടികൂടിയ മെൽബിനാണ് രക്ഷപ്പെട്ടത്. 2.81 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതിയുടെ വാർത്തയും ചിത്രവും പൊലീസ് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്‌തു. എന്നാൽ, പിടികൂടി 25 മണിക്കൂറിലധികം കഴിഞ്ഞിട്ടും പ്രതിയെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയില്ല. 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കണമെന്ന ഭരണഘടനാപരമായ വ്യവസ്ഥ പാലിക്കപ്പെടാത്തത് കോടതി ഗൗരവമായി പരിഗണിച്ചു. തുടർന്ന് പ്രതിയെ നിയമവിരുദ്ധ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള മജിസ്‌ട്രേട്ട് അവധിയിലായിരുന്നതിനാൽ പ്രതിയെ ചാർജ് കോടതിയായ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ വിപിൽ കൃഷ്ണൻ, സൂരജ് ആർ മൈനാഗപ്പള്ളി, വൈഎസ് അർജുൻ എന്നിവർ കോടതിയിൽ ഹാജരായി.








0 comments