ad
Deshabhimani

മറ്റത്തൂർ താമരക്കൈമാറ്റം; കോൺഗ്രസ്‌ കൂറുമാറ്റം 
ബിജെപി ആജ്ഞാനുസരണം

bjp-congress
വെബ് ഡെസ്ക്

Published on Dec 30, 2025, 12:30 AM | 1 min read

തൃശൂർ: കോൺഗ്രസ്‌ – ബിജെപി മറ്റത്തൂർ ഡീലിന്റെ കൂടുതൽ തെളിവുകൾ പുറത്ത്‌. ബിജെപിയുടെ നിബന്ധനപ്രകാരമാണ്‌ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്‌ വിജയിച്ച എട്ട്‌ കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗങ്ങൾ രാജിവച്ചത്‌. രാജിക്കത്ത്‌ ഡിസിസിക്ക്‌ സമർപ്പിക്കും മുമ്പേ ബിജെപി നേതാക്കൾക്ക്‌ കൈമാറുകയായിരുന്നു. തുടർന്നാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നാല്‌ ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണച്ചത്‌.


ഏതുവിധേനയും എൽഡിഎഫ്‌ ഭരണം അട്ടിമറിക്കാൻ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ സമയത്തും ഇരുകൂട്ടരും ആസൂത്രിത നീക്കം നടത്തിയിരുന്നു. ഉന്നത നേതാക്കളുടെ അറിവോടെ ബിജെപി എറണാകുളം മേഖലാ സെക്രട്ടറി എ നാഗേഷും ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രനും ചേർന്നാണ്‌ മറ്റത്തൂരിൽ താമരക്കൈമാറ്റം ആസൂത്രണംചെയ്‌തത്‌. പ്രസിഡന്റ്‌ സ്ഥാനാർഥിയായ സ്വതന്ത്ര അംഗം ടെസി ജോസ്‌ കല്ലറയ്‌ക്കലിനെ പിന്തുണച്ച്‌ വോട്ടുചെയ്യാൻ കോൺഗ്രസ്‌ അംഗങ്ങൾക്ക്‌ രാജിവയ്‌ക്കേണ്ട ആവശ്യമില്ല.


എന്നാൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ പിന്തുണയ്‌ക്കണമെങ്കിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ ഹാളിൽ കയറുന്നതിനുമുന്പ്‌ രാജിക്കത്ത്‌ പുറത്തിറക്കണമെന്ന്‌ ബിജെപി നിബന്ധനവച്ചു. രാജിക്കത്ത്‌ മാധ്യമങ്ങൾക്ക്‌ കൈമാറിയത്‌ ബിജെപി ജില്ലാനേതാവാണ്‌. രാജിക്കത്ത്‌ കോൺഗ്രസ്‌ നേതാക്കൾ ബിജെപിക്ക്‌ കൈമാറിയതിന്റെ തെളിവാണിത്‌.

പ്രസിഡന്റ്‌ സ്ഥാനാർഥിയായി മത്സരിക്കണമെന്നും ബിജെപിയുടെ നാല്‌ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ വീട്ടിലെത്തി പറഞ്ഞതായി സ്വതന്ത്ര അംഗം കെ ആർ ഒ‍ൗസേഫ്‌ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഡീൽ നേരത്തെ ഉറപ്പിച്ചതായി ഇതോടെ വ്യക്തമാവുന്നു.


കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചവർ പലരും തങ്ങൾ ജയിക്കാൻ സാധ്യതയില്ലെന്നും പകരം ബിജെപിക്ക്‌ വോട്ട്‌ ചെയ്യണമെന്നും പരസ്യമായി അഭ്യർഥിക്കുന്നതിന്റെ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. കോൺഗ്രസ്‌ സ്ഥാനാർഥികൾതന്നെ ബിജെപിക്കുവേണ്ടി പ്രവർത്തിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന്‌ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.


കോൺഗ്രസിലെ ഗ്രൂപ്പുപോരിന്റെ ഭാഗമായാണ്‌ ചന്ദ്രൻ ഇ‍ൗ തെളിവ്‌ പുറത്തുവിട്ടതെങ്കിലും ബിജെപിയുമായുള്ള വഴിവിട്ട ബന്ധമാണ്‌ വ്യക്തമായത്‌. മണ്ഡലം, ജില്ലാ ഭാരവാഹികളുമായി ആലോചിച്ചാണ്‌ ഡീലെന്ന്‌ ബിജെപി പഞ്ചായത്തംഗം അതുൽകൃഷ്‌ണയും വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതോടെ കോൺഗ്രസ്‌– ബിജെപി നേതാക്കളുടെ പങ്കും പുറത്തായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home