ad
Deshabhimani

ടി ജി മോഹന്‍ദാസിനെതിരെ പ്രതിഷേധിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

DYFI Protest march to TG Mohandas house

ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Jul 29, 2026, 01:42 PM | 1 min read

കൊച്ചി: ജന്തർമന്തറിലെ വിദ്യാര്‍ഥി യുവജനപ്രക്ഷോഭകാരികളെക്കുറിച്ച് വിദ്വേഷപരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ്‌ ടി ജി മോഹന്‍ദാസിനെതിരെ പ്രതിഷേധിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, നിഖിൽ ബാബു തുടങ്ങി അമ്പതോളം പേർക്കെതിരെയാണ് മട്ടാഞ്ചേരി പൊലീസ് കേസെടുത്തത്.


പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാ​ർഥികളെ വെടിവച്ചുകൊല്ലണമെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു ആർഎസ്എസ് നേതാവിന്റെ പരാമർശം. നരേന്ദ്ര മോദി ഗുജറാത്ത് കലാപം അടിച്ചമർത്തിയപോലെ നേരിടണമെന്നും ആർഎസ്‌എസ്‌ സൈദ്ധാന്തികനായ ടി ജി മോഹൻദാസ്‌ പറഞ്ഞു. പത്രിക യുട്യൂബ് ചാനലിലൂടെയായിരുന്നു ഇ‍ൗ വിഷംതുപ്പൽ.


‘ഈ സിറ്റുവേഷൻ കൈയിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർമന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല... കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും. ഇതുപോലുള്ള പ്രക്ഷോഭം അടിച്ചമർത്തിയ ആളാണ്‌ മോദി. ഗുജറാത്ത്‌ കലാപം ഓർത്തുനോക്കുക. ഗുജറാത്തിലെ 14 ജില്ലയിൽ ആയിരുന്നു അന്ന്‌ കലാപം. ഒരു ഭരണപരിചയവും ഇല്ലാത്ത നരേന്ദ്ര മോദി എന്ന ഭരണാധികാരിയാണ്‌ അത്‌ ഹാൻഡിൽ ചെയ്‌തത്‌’ എന്നും മോഹൻദാസ്‌ പറയുന്നു. ഇതിന്റെ തുടർച്ചയായാണ്‌ പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികളെയും അധിക്ഷേപിച്ചത്‌.


മോഹന്‍ദാസിന്റെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലേക്ക്‌ ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു. കൂവപ്പാടം ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് വീടിനുസമീപം പൊലീസ് തടഞ്ഞു. മോഹൻദാസിന്റെ കോലത്തില്‍ പ്രവർത്തകർ ചെരുപ്പുമാലയണിയിച്ചു. ഇതുമായാണ്‌ മാർച്ച്‌ നടത്തിയത്‌. വനിതകളടക്കം നിരവധി പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home