ad
Deshabhimani

print edition എയർ ആംബുലൻസ് ഉപയോഗിച്ചുള്ള ആദ്യ ഹൃദയമാറ്റം: 10 വർഷം മിടിച്ചു; ആ ഹൃദയവും നിലച്ചു

Heart transplant.jpg

മാത്യു അച്ചാടൻ

വെബ് ഡെസ്ക്

Published on Apr 28, 2026, 12:29 AM | 1 min read

തൃശൂർ: കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിലെത്തിച്ച ഹൃദയം ഉപയോഗിച്ച്‌ ശസ്ത്രക്രിയയ്ക്ക് വിധേയനായ തൃശൂർ ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ(57) ഇനി ഓർമ. തുന്നിച്ചേർത്ത ഹൃദയവുമായി ഒരു പതിറ്റാണ്ട്‌ ജീവിച്ചശേഷമാണ്‌ ഹൃദയാഘാതത്തിന് കീഴടങ്ങിയത്‌. തിങ്കൾ പുലർച്ചെയായിരുന്നു അന്ത്യം.


2015 ജൂലൈ 24നാണ്‌ എറണാകുളം ലിസി ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയമാണ് അച്ചാടന്‌ അന്ന്‌ പുതുജീവനേകിയത്‌. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന മാത്യു. ലിസി ആശുപത്രി കാർഡിയാക് വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.


ശ്രീചിത്രയിൽനിന്ന് 210 കിലോമീറ്റർ അകലെയുള്ള ലിസിയിൽ ഹൃദയം എത്തിക്കുന്നതായിരുന്നു വെല്ലുവിളി. റോഡുകളുടെ അവസ്ഥ പരിതാപകരമായതിനാൽ അഞ്ചുമണിക്കൂറിനുള്ളിൽ എത്തിക്കുന്നത്‌ പ്രായോഗികമായിരുന്നില്ല.


ഇതോടെയാണ്‌ ആറുപേരെയും മെഡിക്കൽ ഉപകരണങ്ങളും വഹിക്കാൻ ശേഷിയുള്ള ഡോണിയർ 228 വിമാനമുപയോഗിച്ച്‌ ഹൃദയമെത്തിച്ചത്. ഇതിനുള്ള ചെലവ് വഹിച്ചത് സംസ്ഥാന സർക്കാരാണ്. 6.51ന് തിരുവനന്തപുരത്ത്‌ നിന്ന്‌പറന്ന വിമാനം 7.35ന് കൊച്ചിയിലെത്തി. തുടർന്ന്‌ ശസ്ത്രക്രിയ.


ഓട്ടോ ഡ്രൈവറായി ജീവിതം തുടരുകയായിരുന്ന മാത്യു രണ്ടാഴ്ച മുമ്പുവരെ ആശുപത്രിയിലെത്തി തുടർ പരിശോധന നടത്തിയിരുന്നു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ. വിദേശത്തുള്ള മക്കൾ നാട്ടിലെത്തിയ ശേഷമാകും സംസ്കാരം. ഭാര്യ: ബിന്ദു. മക്കൾ: അമൽ (കാനഡ), അന്ന (ജർമനി).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home