ad
Deshabhimani

print edition തൊഴിലുറപ്പിന് പകരം പദ്ധതി: ലൈഫും പുറത്ത്; തൊഴിൽദിനങ്ങൾ വൻതോതിൽ കുറയും

VBG Ram.jpg
വെബ് ഡെസ്ക്

Published on May 18, 2026, 12:01 AM | 1 min read

കൊല്ലം : തൊഴിലുറപ്പിനു പകരം കേന്ദ്രസർക്കാർ കൊണ്ടുവരുന്ന റോസ്ഗാർ, അജീവിക മിഷൻ (ഗ്രാമീൺ)– വിബി - ജി റാംജി പദ്ധതിയിൽനിന്ന്‌ സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന നിർമാണ പദ്ധതി ഉൾപ്പെടെ പുറത്താകും. കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ പുറത്തിറക്കിയ 318 ഇനം പ്രവൃത്തികളുടെ പട്ടികയിൽ നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്തുകൊണ്ടിരുന്ന പലതും ഒഴിവാക്കി.


ഒഴിവാക്കിയതിൽ പലതും അവിദഗ്ധ തൊഴിൽ നൽകാൻ കഴിയുന്നവ. പകരം സാധനസാമഗ്രികൾ കൂടുതൽ ഉപയോഗിക്കേണ്ട പ്രവൃത്തികൾക്കാണ് മുൻതൂക്കം. പുതിയ പദ്ധതിയിൽ മുന്പുണ്ടായിരുന്ന ബണ്ട് നിർമാണം ഒഴിവാക്കി. ഒട്ടേറെ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഭൂവികസന പ്രവൃത്തികളുമില്ല.


സംസ്ഥാന സർക്കാർ മികച്ച രീതിയിൽ നടപ്പാക്കിക്കൊണ്ടിരുന്ന ലൈഫ് ഭവന പദ്ധതിയാണ്‌ കേന്ദ്രസർക്കാർ പൂർണമായും ഒഴിവാക്കിയത്‌. ലൈഫ് പദ്ധതി തൊഴിലുറപ്പിൽ 90 അധിക തൊഴിൽ ദിനങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ലൈഫ് പദ്ധതിക്ക് നൽകുന്നത് നാലു ലക്ഷം രൂപയാണ്. നിലവിലുള്ള തൊഴിലുറപ്പ് പ്രതിദിന കൂലിയായ 369 രൂപ പ്രകാരം ഒരു ഗുണഭോക്താവിന് 33,200 രൂപയോളം ലഭിച്ചിരുന്നു. ഇതാണ്‌ കേന്ദ്രസർക്കാർ ഇല്ലാതാക്കിയത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതിയായ പിഎംഎവൈ (ഗ്രാമീൺ) പട്ടികയിൽ ഇടംനേടി. കേന്ദ്രഭവന പദ്ധതിക്ക് മാത്രം അധിക തൊഴിൽ ദിനങ്ങൾ നൽകുന്നത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കളെ പ്രതികൂലമായി ബാധിക്കും.


മുൻവർഷങ്ങളിൽ പാൽ ഉൽപ്പാദനത്തിന് സഹായകരമാകുംവിധം സ്വകാര്യഭൂമിയിൽ തീറ്റപ്പുൽ കൃഷി ഉൾപ്പെടെ പ്രവൃത്തികൾ ഏറ്റെടുക്കാമായിരുന്നു. പുതിയ പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ സ്വകാര്യഭൂമിയിൽ തീറ്റപ്പുൽകൃഷി സാധ്യമല്ല. പുതിയ പദ്ധതിയുടെ കൂടുതൽ പ്രവൃത്തികളും സാധനസാമഗ്രികളും വിദഗ്ധ, അർധ വിദഗ്ധ തൊഴിലാളികളെയും ആവശ്യമുള്ള പ്രവൃത്തികളാണ്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സാധാരണ തൊഴിലാളികൾ പുറത്താകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home