എഫ്‌സിആര്‍എ ഭേദഗതി പൗരാവകാശ ലംഘനം: മാർ ആൻഡ്രൂസ് താഴത്ത്

തൃശ്ശൂർ: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതിക്കെതിരെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. പുതിയ ഭേദഗതി ഭരണഘടനയ്ക്കും മതേതരത്വത്തിനും പൗരാവകാശങ്ങൾക്കും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ എൻജിഒകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള വ്യവസ്ഥാപിത നീക്കം വലിയ ആശങ്കയുണ്ടാക്കുന്നു.
ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള അധികാരം സർക്കാർ ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വിശുദ്ധ വാരത്തിൽ തന്നെ നിശ്ചയിച്ചത് പ്രതിഷേധാർഹമാണ്.
ക്രൈസ്തവ വിശ്വാസികളെ അവഗണിക്കുന്ന ഇത്തരം നടപടികൾ അധികൃതർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഭേദഗതിയിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നുമാണ് സഭയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.









0 comments