print edition മുൻകൂർ അനുമതി വാങ്ങിയില്ല ; ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പ്രവേശനമില്ല

ചങ്ങനാശേരി
മുൻകൂട്ടി അറിയിക്കാത്തതിനാൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണന് മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുമതിയില്ല. ചങ്ങനാശേരി എസ്ബി കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപന ഉദ്‌ഘാടനത്തിന് ഉപരാഷ്ട്രപതി ശനിയാഴ്‌ച എത്തുമ്പോൾ അദ്ദേഹത്തെ പുഷ്‌പാർച്ചനക്ക് എത്തിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം പദ്ധതിയിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അത്തരമൊരു സന്ദർശനത്തിലൂടെ രാഷ്ട്രീയനേട്ടമാണ് ബിജെപി ലക്ഷ്യമിട്ടത്. മന്നം സമാധിയിലെ സന്ദർശനം അനുവദിക്കാനാകില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ ബന്ധപ്പെട്ടവരെ അറിയിച്ചു. ഉപരാഷ്ട്രപതിയുടെ ഹെലികോപ്‌ടർ ഇറങ്ങുന്നത് എൻഎസ്എസ് കോളേജ് ഗ്രൗണ്ടിലാണ്. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റും എൻഎസ്എസ് ആസ്ഥാനത്ത് ബന്ധപ്പെട്ടപ്പോൾ പ്രവേശനം നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
മുൻകൂട്ടി അറിയിക്കാതെ എപ്പോഴും വന്നുപോകാമെന്ന സ്ഥലമല്ല മന്നംസമാധിയെന്ന് സുകുമാരൻനായർ മാധ്യമങ്ങളോട് പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരം ഉന്നത ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്യേണ്ടതല്ലേ. രാജ്യത്തെ രണ്ടാമത്തെ പൗരൻ വരുന്പോൾ ഞങ്ങൾക്കും ഉത്തരവാദിത്വം ഇല്ലേ. 1996 ൽ പ്രധാനമന്ത്രി നരസിംഹറാവു വന്നപ്പോൾ സമാധിമണ്ഡപം സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും കോൺഗ്രസുകാരും ചെരിപ്പിട്ട് കയറി അശുദ്ധമാക്കി. ഇനി അങ്ങനെ അനുവദിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.










0 comments