ഗാന്ധിനിന്ദയ്ക്കെതിരെ എൻഎസ്എസ് മുന്നോട്ടുവരണം: ഡോ. സിറിയക് തോമസ്
print edition പ്രൗഢഗംഭീരമായി മന്നം ജയന്തിയാഘോഷം

ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ മുൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശേരി
മന്നത്തുപത്മനാഭന്റെ 149 –ാമത് ജയന്തി ആഘോഷത്തിന് ആയിരങ്ങളെത്തി. ജയന്തി സമ്മേളനത്തിന് മുന്നോടിയായി പെരുന്നയിലെ മന്നം സമാധിയിൽ ആയിരങ്ങൾ പുഷ്‌പാർച്ചന നടത്തി. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നാനാതുകളിലുള്ളവർ പങ്കെടുത്തു. എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ കെ ബി ഗണേഷ്‌കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, നിയമസഭാ ചീഫ്‌വിപ്പ് ഡോ. എൻ ജയരാജ്, എംപിമാരായ ജോസ് കെ മാണി, എം കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, എൻ കെ പ്രേമചന്ദ്രൻ, എംഎൽഎമാരായ രമേശ് ചെന്നിത്തല, ജോബ് മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പുഷ്‌പാർച്ചനക്കെത്തി.
മന്നം ജയന്തി സമ്മേളനം ദേശീയന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ മുൻ അംഗം ഡോ. സിറിയക് തോമസ് ഉദ്‌ഘാടനം ചെയ്‌തു. എൻഎസ്‌എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ അധ്യക്ഷനായി. കവി രാജീവ് ആലുങ്കൽ അനുസ്‌മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വാഗതവും ട്രഷറർ എൻ വി അയ്യപ്പൻപിള്ള നന്ദിയും പറഞ്ഞു. വെട്ടിക്കവല കെ എൻ ശശികുമാറിന്റെ നാദസ്വരക്കച്ചേരി, നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം എന്നിവയുണ്ടായി.
ഗാന്ധിനിന്ദയ്ക്കെതിരെ എൻഎസ്എസ് മുന്നോട്ടുവരണം: ഡോ. സിറിയക് തോമസ്
രാജ്യത്ത് സംഘടിത ഗാന്ധിനിന്ദ നടക്കുന്ന കാലത്ത് ഗാന്ധിയെ വീണ്ടെടുക്കാൻ എൻഎസ്എസ് മുന്നോട്ടുവരണമെന്ന് ദേശീയന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ മുൻ അംഗം ഡോ. സിറിയക് തോമസ്. അതിന് എൻഎസ്എസിന് സാധിക്കുമെങ്കിൽ രാജ്യം കടപ്പെട്ടിരിക്കും.
149 –ാമത് മന്നം ജയന്തി സമ്മേളനം പെരുന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നം എന്നും ഗാന്ധിയനായിരുന്നു. എൻഎസ്എസ് രൂപീകരിച്ചപ്പോൾ അദ്ദേഹം പ്രസിഡന്റായി നിയോഗിച്ചത് മറ്റൊരു ഗാന്ധിയനായ കെ കേളപ്പനെയാണ്. ഇരുവരും ദേശീയവാദികളും ഗാന്ധിമാർഗം സ്വീകരിച്ചവരുമായിരുന്നു.
ഗുരുവായൂർ, വൈക്കം സത്യാഗ്രഹങ്ങൾക്ക് മന്നവും കെ കേളപ്പനും നേതൃത്വം വഹിച്ചത് അവരുടെ ദേശീയ ബോധം കൊണ്ടാണ്. ഇരുവരും അവസാനശ്വാസംവരേയും മതേതരവാദികളായിരുന്നു. ഗാന്ധിയൻ ദർശനങ്ങളാണ് ജീവിതത്തിൽ നടപ്പാക്കിയത്. ഗാന്ധിജിയെ രാഷ്ട്രീയ പ്രതിഷ്ഠയായി നിലനിർത്താൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഇടതുപക്ഷവും ഇതിനൊപ്പം ചേരണം. സോഷ്യൽ എൻജിനിയറിങ്ങിൽ എൻഎസ്എസിനുള്ള സ്ഥാനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.










0 comments