print edition സംഘപരിവാറിന്റെ വളർച്ചയ്‌ക്ക് വഴിതെളിച്ചത് കോൺഗ്രസ്: മണിശങ്കർ അയ്യർ

കൊച്ചി
ബാബറി മസ്‌ജിദ് തകർക്കാൻ ഒത്താശചെയ്‌ത നരസിംഹ റാവുവും കോൺഗ്രസുമാണ് സംഘപരിവാറിന് വളരാൻ വഴിതെളിച്ചതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. ഐഎൻഎൽ ദേശീയ കൗൺസിലിന്റെ ഭാഗമായി എറണാകുളം ടൗൺഹാളിൽ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 105–ാം ജന്മദിനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവിരുദ്ധമായ ദുഷ്ചെയ്തിക്കെതിരെ മഹാഭൂരിപക്ഷവും നിലയുറപ്പിച്ചപ്പോൾ കോഴ നൽകിയാണ് റാവു സർക്കാർ അവിശ്വാസപ്രമേയത്തെ അതിജീവിച്ചത്. കോൺഗ്രസും രാജ്യവും ഇന്നനുഭവിക്കുന്ന മുഴുവൻ പതിതാവസ്ഥയുടെയും മൂലകാരണം ഈ തെറ്റായ തീരുമാനമാണ്. ഇന്ത്യയൊരു ഹിന്ദു രാഷ്‌ട്രമാണെന്ന് നരസിംഹ റാവു തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും മതനിരപേക്ഷത നിലനിൽക്കുന്നതിനും എല്ലാ മതേതരശക്തികളും ഉറച്ചുനിൽക്കണമെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ഇഖ്ബാൽ സഫർ, മുനീറുദ്ധീൻ ഷരീഫ്, മുസമ്മിൽ ഹുസൈൻ, തസ്നീം ഷാജഹാൻ, റാഫി അഹമ്മദ്, എഞ്ചി സദാൻ അഹമ്മദ്, നാഗൂർ മീരാൻ, അൽതാഫ് അഹമ്മദ്, സലാഹുദ്ധീൻ ഹുസൈൻ, സി പി അൻവർ സാദത്ത്, അസ്ഗർ റഫിയുദ്ധീൻ, എം എം മാഹിൻ ഹാജി, കെ എം എ ജലീൽ, ഷമീനമെഹ്താബ്, സമദ് നരിപ്പറ്റ എന്നിവർ സംസാരിച്ചു.
സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘സേട്ട് @105 എ ടൈംലസ് ഇൻസിപിരേഷൻ’ സുവനീർ അഡ്വ. എ എ ജലീലിന് നൽകി മണിശങ്കർ അയ്യർ പ്രകാശിപ്പിച്ചു. ദേശീയ കൗൺസിൽ യോഗം പ്രൊഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്‌തു.










0 comments