സിബിഎസ്ഇ സ്കൂളുകൾ ഫീസ്ഘടന പ്രദർശിപ്പിക്കണം, ഏകപക്ഷീയ ഫീസ് വർധനവ് പാടില്ല; ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം

Image: ChatGPT
തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ അഫിലിയേഷൻ ബൈ ലോകളും സർക്കുലറുകളും കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവിട്ടു കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ചട്ടങ്ങളും ബൈ ലോകളും കർശനമായി പാലിക്കണമെന്നും കമീഷൻ ചെയർപേഴ്സൺ കെ വി.മനോജ്കുമാറിന്റെ ഉത്തരവിൽ നിർദേശിച്ചു. സ്കൂളുകളുടെ ഫീസ് ഘടന അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കണം. കൂടാതെ ഫീസ് ഘടന ക്രമീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും സംസ്ഥാനതല കമ്മിറ്റിയും രൂപീകരിക്കണം. വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും ഫീസ് ഇളവുകളും നൽകുന്ന പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുന്നതുവരെ രക്ഷാകർതൃ-അധ്യാപക അസോസിയേഷന്റെ അനുമതിയില്ലാതെ ഏകപക്ഷീയ ഫീസ് വർധനവ് നിരോധിക്കണം. ശിശു സൗഹൃദ, ഭിന്നശേഷി സൗഹൃദ മാർഗനിർദേശങ്ങൾ സ്കൂളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. വിദ്യാർഥികൾക്ക് മതിയായ ടോയ്‌ലറ്റുകൾ, റാമ്പുകൾ, ഭിന്നശേഷി വിദ്യാർഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ടോയ്‌ലറ്റുകൾ, സുരക്ഷിതമായ കളിസ്ഥലങ്ങൾ എന്നിവ നിർമ്മിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുമാണ്. വിദ്യാർഥികൾക്ക് സാമൂഹികവും വൈകാരികവുമായ പിന്തുണ നൽകുന്നതിന് എല്ലാ സ്കൂളുകളിലും സ്കൂൾ കൗൺസിലറെ നിയമിക്കണമന്നും ഉത്തരവിൽ നിർദ്ദേശിച്ചു.
കേരളത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അധ്യായന സമയത്ത് എൻട്രൻസ് കോച്ചിംഗ് ക്ലാസ് നടത്തുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമ്മർദം കാരണം കുട്ടികളിലെ മാനസികപിരിമുറുക്കം വർധിക്കുകയും അത് അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സന്തോഷത്തിനായി പരിശീലനത്തിന് രക്ഷിതാക്കൾ കഠിനാധ്വാനം ചെയ്ത് രണ്ട് വർഷത്തേക്ക് വലിയതുക ചെലവഴിക്കേണ്ടിവരുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് മണക്കാട് മനീഷ് കമ്മിഷന് നൽകിയ പരാതയിന്മേലാണ് ഉത്തരവ്. സിബിഎസ്ഇ ചെയർപേഴ്സൺ, സെക്രട്ടറി, റീജിയണൽ ഓഫീസർ, പൊതു വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർ ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 60 ദിവസത്തിനകം ലഭ്യമാക്കണമെന്നും കമീഷൻ ഉത്തരവിട്ടു.










0 comments