print edition സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയമിക്കണം: ഹെെക്കോടതി

കൊച്ചി
കുവൈറ്റിൽനിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷകസംഘത്തെ നിയമിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. കമീഷണറുടെ മേൽനോട്ടത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ടീം രൂപീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ലാമയുടെ മകൻ സന്ദൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജി 29ന് വീണ്ടും പരിഗണിക്കും. സൂരജ് ലാമ കൊച്ചിയിലെത്തിയത് എമർജൻസി സർട്ടിഫിക്കറ്റിലാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. കുവൈറ്റിൽവച്ച് പാസ്പോർട്ട് നഷ്ടപ്പെട്ടതോ മറ്റോ ആകാം കാരണമെന്നും പറഞ്ഞു. വിശദാംശങ്ങൾ സമർപ്പിക്കാൻ ഒരാഴ്ചത്തെ സാവകാശവും തേടി.
സൂരജ് ലാമ(59)യ്ക്ക് കുവൈറ്റിൽ ബിസിനസായിരുന്നു. ഓർമ നഷ്ടപ്പെട്ടനിലയിൽ കുവെെറ്റിൽനിന്ന് ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ഇദ്ദേഹം ബംഗളൂരുവിലാണ് മുന്പ് കഴിഞ്ഞിരുന്നതെങ്കിലും കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. കുവൈറ്റ് അധികൃതരുടെ നടപടി ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. കൊച്ചിയിലെത്തിയശേഷം അലഞ്ഞുനടന്ന ലാമയെ പൊലീസ് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെനിന്ന് കാണാതാകുകയായിരുന്നു.










0 comments