ad
Deshabhimani

പള്ളിയിൽ പത്തുരൂപ തരാത്തവരും ഫ്ലെക്സ് വെക്കുന്നു; ലോകകപ്പ് ആഘോഷങ്ങൾക്കെതിരെ അബ്ദുസമദ് പൂക്കോട്ടൂർ

SYS.jpg
വെബ് ഡെസ്ക്

Published on Jun 20, 2026, 01:21 PM | 1 min read

മലപ്പുറം: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മലബാറിൽ ഉയർന്നുവരുന്ന വമ്പൻ കട്ടൗട്ടുകൾക്കും ഫ്ലെക്സ് ബോർഡുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ.


യൂറോപ്പിലെ ജനങ്ങൾക്ക് പോലുമില്ലാത്ത എന്ത് 'ഫ്ലെക്സ് ഭ്രാന്താണ്' ഇവിടെയുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മുസ്ലീം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാണ് ഇത്തരത്തിലുള്ള കളിഭ്രാന്തും അനാവശ്യ ആരാധനയും കൂടുതലായി കണ്ടുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കളി കാണുന്നതിലോ കളിക്കുന്നതിലോ തെറ്റില്ല. ഇന്ത്യയാണ് ലോകകപ്പിൽ കളിക്കുന്നതെങ്കിൽ ഈ ആവേശം മനസ്സിലാക്കാമായിരുന്നു. എന്നാൽ വിദേശ രാജ്യങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ ധൂർത്തടിക്കുന്നത് ശരിയല്ല.


പള്ളികളിലേക്കോ മദ്രസകളിലേക്കോ പത്തുരൂപ ചോദിച്ചാൽ തരാൻ മടിക്കുന്നവർ പോലും ഇത്തരം കാര്യങ്ങൾക്കായി വൻതോതിൽ പണം ചെലവഴിക്കുകയാണെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.


പുലർച്ചെ തഹജ്ജൂദ് നിസ്കാരത്തിന് (പ്രത്യേക രാത്രി നിസ്കാരം) എഴുന്നേൽക്കാൻ മടിക്കുന്നവർ പോലും പുലർച്ചെ മൂന്ന് മണിക്ക് കളി വെച്ചാൽ കൃത്യമായി എഴുന്നേൽക്കും. ഒരു ആരാധനയ്ക്കായി ഉണരാൻ ഇവർക്ക് വലിയ പ്രയാസമാണ്.


പണം അനാവശ്യമായി ധൂർത്തടിക്കുന്നവർ പിശാചിന്റെ സഹോദരന്മാരാണെന്നാണ് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കട്ടൗട്ടുകളും ഫ്ലെക്സുകളും വെച്ച് വിദേശ ടീമുകളെ ആരാധിക്കുന്ന പ്രവണത യുവാക്കൾ അവസാനിപ്പിക്കണമെന്നും അനാവശ്യ ധൂർത്തുകളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അബ്ദുസമദിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home