ad
Deshabhimani

print edition മകരവിളക്കിന്‌ രണ്ടുനാൾ ; ചടങ്ങുകൾക്ക്‌ ഇന്ന്‌ തുടക്കം

Makaravilakku

എരുമേലി നൈനാർ പള്ളിയിൽനിന്ന് വലിയമ്പലം ശ്രീ ധർമശാസ്താ ക്ഷേത്രത്തിലേക്ക് പേട്ട തുള്ളി പോകുന്ന 
ശബരിമല തീർഥാടകർ \ ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

avatar
സി ജെ ഹരികുമാർ

Published on Jan 12, 2026, 03:00 AM | 3 min read


ശബരിമല

മകരവിളക്കിന്‌ രണ്ടുദിവസം മാത്രം ശേഷിക്കെ ​ശബരിമലയിൽ ചടങ്ങുകൾക്ക്‌ തിങ്കളാഴ്‌ച തുടക്കമാകും. ശുദ്ധിക്രിയകൾ തിങ്കളാഴ്‌ച തുടങ്ങും. വൈകിട്ട് പ്രസാദ ശുദ്ധിക്രിയകളും ചൊവ്വാഴ്‌ച രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും. തിങ്കൾ വൈകിട്ട് അഞ്ചിന് രാക്ഷാഘ്ന ഹോമം, വാസ്തുഹോമം, രക്ഷാകലശം, വാസ്തുപുണ്യാഹം എന്നിവ ഉണ്ടാകും. ചൊവ്വാഴ്‌ച ശ്രീകോവിലിനുള്ളിൽ ബിംബശുദ്ധി ക്രിയകൾ നടക്കും. ചതുർശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ പൂജിച്ച് അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്താണ് ബിംബശുദ്ധി വരുത്തുന്നത്.


ശബരിമലയിൽ മകരവിളക്കും മകരസംക്രമ പൂജയും ബുധനാഴ്‌ച നടക്കും. സൂര്യൻ ധനുരാശിയിൽനിന്ന്‌ മകരം രാശിയിലേക്ക് കടക്കുന്ന 14ന് പകൽ 3.08നാണ് സംക്രമാഭിഷേകം. പകൽ 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് മകരസംക്രമപൂജ. കവടിയാർ കൊട്ടാരത്തിൽനിന്ന്‌ പ്രത്യേക ദൂതൻവശം കൊടുത്തയയ്ക്കുന്ന നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക.


മകരവിളക്ക്‌ ദർശിക്കാനും തിരുവാഭരണഭൂഷിതനായ അയ്യപ്പനെ തൊഴാനുമായി തീർഥാടകർ സന്നിധാനത്ത്‌ തങ്ങിത്തുടങ്ങി. വലിയ നടപ്പന്തൽ, പാണ്ടിത്താവളം, ബിഎസ്‌എൻഎൽ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ തീർഥാടകർ കേന്ദ്രീകരിക്കുന്നത്‌. ഞായറാഴ്‌ച തിരക്ക്‌ കുറവായിരുന്നു. വലിയനടപ്പന്തൽ മിക്കപ്പോഴും ഒഴിഞ്ഞുകിടന്നു. എരുമേലി പേട്ടതുള്ളൽ കഴിഞ്ഞതോടെ തിങ്കളാഴ്‌ച മുതൽ തീർഥാടകരുടെ തിരക്ക്‌ കൂടുമെന്നാണ്‌ പൊലീസും ദേവസ്വംബോർഡും പ്രതീക്ഷിക്കുന്നത്‌.


സന്നിധാനത്ത്‌ സുരക്ഷ കർശനമാക്കും

മകരവിളക്ക് ഉത്സവത്തിനൊരുങ്ങുന്ന സന്നിധാനത്ത്‌ സുരക്ഷ കർശനമാക്കി. ഹൈക്കോടതി നിർദേശപ്രകാരം തീർഥാടകരെ നിയന്ത്രിക്കാൻ ഞായർ ഉച്ചയോടെ ബാരിക്കേഡുകൾ സ്ഥാപിച്ചുതുടങ്ങി. ഒരുക്കങ്ങള്‍ വിലയിരുത്താൻ ശബരിമല എഡിഎം അരുണ്‍ എസ് നായർ അധ്യക്ഷനായി യോഗം ചേര്‍ന്നു.


ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ഉത്സവത്തിനെത്തുന്ന തീർഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്‌ച 35,000പേരെയും മകരവിളക്ക് ദിവസം 30,000പേരെയും വെര്‍ച്വല്‍ ക്യൂ വഴിയും 5,000പേരെ സ്‌പോട്ട് ബുക്കിങ് വഴിയും കടത്തിവിടാനാണ്‌ കോടതി ഉത്തരവ്.

മകരവിളക്ക്‌ ദർശനത്തിന്‌ സോപാനത്തിൽ പ്രത്യേക പാസുള്ളവർക്ക്‌ മാത്രമാണ്‌ പ്രവേശനം. മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്‌. സോപാനത്തിന്‌ സമീപം ക്യാമറകൾ സ്ഥാപിക്കാനും ചിത്രങ്ങളെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്‌.


തിരക്ക് നിയന്ത്രിക്കാൻ പൊലീസ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തീർഥാടകര്‍ക്ക് സുഗമമായ മകരവിളക്ക് ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങാനുള്ള ക്രമീകരണമൊരുക്കും. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കേന്ദ്രസേന, ആര്‍എഎഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളുമുണ്ടാകും. വനപ്രദേശത്ത് കുടിലുകള്‍ കെട്ടുന്നതും അനധികൃതമായി പാചകം ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തിങ്കൾ മുതൽ പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവ സംയുക്തമായി പരിശോധന നടത്തും. തീർഥാടകർക്ക്‌ ദേവസ്വംബോർഡ്‌ ഭക്ഷണമൊരുക്കും.


മകരജ്യോതി ദര്‍ശനത്തിനുള്ള വ്യൂ പോയിന്റുകളില്‍ ജില്ലാഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.


പേട്ടതുള്ളി, പാടിയാടി

പേട്ടതുള്ളലിൽ മനംനിറഞ്ഞ്‌ എരുമേലി. മാനവസാഹോദര്യത്തിന്റെ സന്ദേശം പകർന്ന്‌ നടന്ന പേട്ടതുള്ളലിൽ ആയിരങ്ങൾ പങ്കെടുത്തു. ചന്ദനക്കുടം മഹോത്സവം സമാപിച്ചശേഷം, ഞായർ പകൽ 12.25ഓടെ എരുമേലി വാവര്പള്ളിയിൽനിന്ന്‌ വാങ്ക് വിളി ഉയർന്നപ്പോൾ എരുമേലി കൊച്ചമ്പലത്തിൽനിന്ന്‌ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചു.


ദേഹമാസകലം കളഭവും വർണച്ചായവും തേച്ച്, ചെണ്ടമേളത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ആനകളുടെയും അകമ്പടിയോടെയായിരുന്നു പേട്ടതുള്ളൽ.

എരുമേലി വാവര് പള്ളി(നൈനാർ പള്ളി) കവാടത്തിൽ പെരിയസ്വാമി ഗോപാലകൃഷ്ണനെ ജമാഅത്ത് പ്രസിഡന്റ്‌ നാസർ പനച്ചിയിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. എരുമേലി മഹല്ല്‌ ജമാഅത്ത് ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.


പള്ളിക്ക് വലംവച്ച് പേട്ടതുള്ളിയെത്തിയ അമ്പലപ്പുഴ സംഘത്തെ എരുമേലി മഹല്ലാ മുസ്ലീം ജമാഅത്ത് ഭാരവാഹികൾ വരവേറ്റു. വലിയമ്പലത്തിലേക്ക് പോയ അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരുസ്വാമിയുടെ പ്രതിനിധിയായി ആസാദ് താഴത്തുവീട്ടിലും പോയി. തുടർന്ന്‌ ആലങ്ങാട്ട് സംഘത്തിന്റെയും പേട്ടതുള്ളൽ നടന്നു.


തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

മകരവിളക്ക് ദിനമായ 14ന് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര തിങ്കൾ പകൽ ഒന്നിന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്ന്‌ തിങ്കൾ പുലർച്ചെ തിരുവാഭരണങ്ങൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിക്കും. ഇവിടെ പകൽ 12വരെ തിരുവാഭരണം ദർശിക്കാം.


തിരുവാഭരണങ്ങൾ പേടകങ്ങളിലാക്കി പകൽ ഒന്നോടെ ശബരിമലയിലേക്ക് പുറപ്പെടും. പന്തളം മണികണ്ഠൻ ആൽത്തറവഴി കുളനട ദേവീക്ഷേത്രത്തിലെത്തി ഇവിടെ പെട്ടി തുറന്ന് ദർശനസൗകര്യം ഒരുക്കും. തുടർന്ന് ഘോഷയാത്ര ഉള്ളന്നൂർ, ആറന്മുള ക്ഷേത്രങ്ങൾവഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തി ആദ്യദിവസം അവിടെ വിശ്രമിക്കും. ചൊവ്വാഴ്ച പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തി അവിടെ തങ്ങും.


ബുധനാഴ്ച കാനനപാതയിലൂടെ പ്ലാപ്പള്ളിയിൽനിന്ന് അട്ടത്തോടുവഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ടോടെ ശരംകുത്തിയിലെത്തും. ഇവിടെനിന്ന് ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് ശബരിമല സന്നിധാനത്ത് എത്തിക്കും. സന്ധ്യയോടെ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home