ad
Deshabhimani

print edition മകരവിളക്ക്‌ നാളെ ; തീർഥാടകർക്കായി സന്നിധാനം സജ്ജം

sabarimala
avatar
സി ജെ ഹരികുമാർ

Published on Jan 13, 2026, 02:12 AM | 1 min read


ശബരിമല

​ശബരിമലയിൽ മകര വിളക്കും മകരസംക്രമ പൂജയും ബുധനാഴ്‌ച നടക്കും. തീർഥാടകരെ വരവേൽക്കാൻ സന്നിധാനവും പരിസരവും സജ്ജമായി. പൊലീസും ആരോഗ്യവകുപ്പും സർക്കാരിന്റെ ഇതരവകുപ്പുകളും ചേർന്ന്‌ ക്രമീകരണങ്ങൾ പൂർത്തിയാക്കി വരുന്നു.


ബുധൻ പകൽ 3.08ന് സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് മകര സംക്രമപൂജ. പകൽ 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികനാകും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽനിന്ന്‌ എത്തിക്കുന്ന നെയ്യാണ് സംക്രമ പൂജയിൽ അഭിഷേകം ചെയ്യുന്നത്. പന്തളം കൊട്ടാരത്തിൽനിന്ന്‌ കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിക്കും.


ബുധൻ വൈകിട്ട് തിരുവാഭരണവാഹകസംഘം 6.15ന്‌ പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന്‌ ദീപാരാധന നടക്കും.


മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രസാദശുദ്ധിക്രിയകൾ തിങ്കളാഴ്‌ച നടന്നു. ചൊവ്വാഴ്‌ച ബിംബശുദ്ധിക്രിയകൾ നടക്കും. സന്നിധാനത്ത്‌ തീർഥാടകരുടെ തിരക്ക്‌ തുടങ്ങി. പർണശാലകൾ കെട്ടി മകരവിളക്ക്‌ ദർശനത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണവും കൂടി. തിങ്കൾ വൈകിട്ട്‌ ആറുവരെ 55,679 തീർഥാടകർ ദർശനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home