ad
Deshabhimani

സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞാൽ തിരക്കഥയിലെ ആ ഭാ​ഗം വലിച്ചെറിയുമെന്ന് മേജർ രവി; വിചിത്രവാദങ്ങളും തള്ളി

Major ravi

മേജർ രവി

വെബ് ഡെസ്ക്

Published on Dec 18, 2025, 02:49 PM | 2 min read

കോട്ടയം: മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്‌ത കർമ്മയോദ്ധ സിനിമയുടെ തിരക്കഥയെച്ചൊല്ലിയുള്ള നിയമതര്‍ക്കത്തില്‍ പരാതിക്കാരനായ റെജി മാത്യുവിന് അനുകൂലമായി കോടതി കഴിഞ്ഞദിവസമാണ് വിധി പുറപ്പെടുവിച്ചത്. കർമ്മയോദ്ധയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തന്റെ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന പരാതിയിൽ തിരക്കഥാകൃത്ത് റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോട്ടയം കൊമേഴ്സ്യൽ കോടതിയുടെ വിധി.


13 വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി. 2012ലായിരുന്നു കർമ്മയോദ്ധ പുറത്തിറങ്ങിയത്. തിരക്കഥാ വിവാദത്തിൽ വിചിത്രമായ വാദങ്ങളാണ് മേജർ രവി കോടതിയിൽ ഉന്നയിച്ചതെന്ന് റെജി മാത്യു മാധ്യമങ്ങളോട് പറഞ്ഞു.


ഞാൻ തിരക്കഥ മോഷ്ടിച്ചുവെന്നാണ് മേജർ രവി കോടതിയിൽ വാദിച്ചത്. ഒരു സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞാൽ തിരക്കഥയിലെ ആ ഭാ​ഗം വലിച്ചെറിയുമെന്നും, അവ പെറുക്കിക്കൂട്ടി താൻ തിരക്കഥ സൃഷ്ടിച്ചുവെന്നുമാണ് മേജർ രവി കോടതിയിൽ പറഞ്ഞത്. ഇത് വിശ്വാസയോ​ഗ്യമല്ലെന്ന് കോടതി കണ്ടെത്തി. 2010ൽ വിശുദ്ധ രാവണൻ എന്ന പേരിൽ സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് മേജർ രവിയുമായുള്ള ബന്ധം തുടങ്ങുന്നത്. ആ സിനിമ പല കാരണങ്ങളാൽ മുന്നോട്ടുപോയില്ല. അതിന് ശേഷം എഴുതിക്കൊടുത്ത തിരക്കഥയാണ് കർമയോദ്ധയുടേത്. സിനിമയുടെ ചർച്ച നടക്കുമ്പോൾ ആദ്യം 10,000 രൂപ ചെക്ക് ആയി തനിക്ക് മേജർ രവി നൽകിയിരുന്നു. ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ എന്റെ കൈപ്പടയിലുള്ള സിനിമയുടെ പൂർണമായ തിരക്കഥയും വൺലൈനും കോടതിയിൽ ഹാജരാക്കിയിരുന്നു. - റെജി മാത്യു പറഞ്ഞു.


സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തിരക്കഥയുടെ പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ച്‌ തിരക്കഥ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടെന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകുകയായിരുന്നു. എസ്‌ വി ഷാജി, സുമേഷ് വി റോബിൻ എന്നിവരുടെ പേരുകൾ ചേർത്ത് സിനിമ പ്രദർശിപ്പിച്ചുവെന്നാരോപിച്ചാണ് റെജി മാത്യു വീണ്ടും കോടതിയെ സമീപിച്ചത്. റെജി മാത്യു കോടതിയിൽ സമർപ്പിച്ച കൈയെഴുത്ത്‌ രേഖകളും സംഭാഷണ പകർപ്പുകളും പരിശോധിച്ച കോടതി അവയിൽ മേജർ രവിയുടെ കൈയെഴുത്തിലുള്ള തിരുത്തലുകൾ കണ്ടതും പ്രത്യേകമായി പരിഗണിച്ചു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ മുഴുവനായും റെജി മാത്യുവിന്റേതാണെന്ന് വിലയിരുത്തിയ കോടതി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. ഇന്ത്യൻ കോപ്പിറൈറ്റ് നിയമപ്രകാരം, പുസ്തക പ്രസിദ്ധീകരണം, സിനിമ നിർമാണം, മറ്റ് ഭാഷകളിലേക്കുള്ള രൂപാന്തരം, സാറ്റലൈറ്റ്, ഒടിടി അടക്കമുള്ള എല്ലാ ദൃശ്യ–ശ്രവ്യ മാധ്യമ അവകാശങ്ങളും റെജി മാത്യുവിനുമാത്രമാണെന്നും കോടതി വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home