നെഹ്‌റുട്രോഫി വള്ളംകളി ആഗസ്‌ത് 22ന് പുന്നമടക്കായലിൽ
ജലരാജാവ് ആരാകും? ക്ലബ്ബുകളും വള്ളസമിതികളും ധാരണയായി

നെഹ്‌റുട്രോഫി (File)
ആലപ്പുഴ: കായലിലെ കനകപ്പോരിന് നാലുമാസം ബാക്കി. ഓളപ്പരപ്പിലെ ജലരാജാക്കന്മാർക്കായി ക്ലബുകളും വള്ളസമിതികളും ധാരണയിലെത്തി തുടങ്ങി. നെഹ്‌റുട്രോഫിയിലും ചാമ്പ്യൻസ്‌ബോട്ട് ലീഗിന്റെ കഴിഞ്ഞ സീസണിലുമേറ്റ മുറിവിന് മറുപടി നൽകാൻ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) ഇറങ്ങുമ്പോൾ മേൽപ്പാടം ചുണ്ടൻതന്നെയാണ് കൂട്ടാളി. പുന്നമടയിൽ വെട്ടിപ്പിടിച്ച ജലരാജാക്കന്മാരുടെ സിംഹാസനം നിലനിർത്താൻ വീയപുരം ചുണ്ടനിൽ ഇക്കുറി വില്ലേജ് ബോട്ട് ക്ലബ്‌തന്നെ (വിബിസി) തേരാളികൾ.
തുടർച്ചയായ മൂന്നാം തവണയാണ് വീയപുരം ചുണ്ടനിൽ വിബിസി തുഴയെറിയുന്നത്. മേൽപ്പാടം ചുണ്ടനിൽ പിബിസിയുടെ തുടർച്ചയായ രണ്ടാമങ്കമാണ്. പതിവുപോലെ നിരണം ബോട്ട് ക്ലബ് നിരണം ചുണ്ടനിൽ തുഴയെറിയും. നിരണത്ത് സാബു ആചാരിയുടെ നേതൃത്വത്തിൽ പണി പൂർത്തിയാകുന്ന പുണ്യാളൻ നിരണം പുത്തൻ ചുണ്ടനിൽ കുമരകം ടൗൺ ബോട്ട് ക്ലബ് എത്തും. കഴിഞ്ഞ സീസണിൽ കറുത്ത കുതിരകളായ ആതിഥേയർ പുന്നമട ബോട്ട് ക്ലബിന് നടുഭാഗം ചുണ്ടൻ തന്നെയാണ് കൂട്ട്.
സെന്റ് പയസ് ടെൻതിൽ സ്വന്തം ക്ലബായ സെന്റ് പയസ് ബോട്ട് ക്ലബ് മത്സരിക്കുമ്പോൾ ചെറുതനയിൽ കുതിക്കാൻ നാട്ടകം ബോട്ട് ക്ലബിന്റെ വരവ്. വർഷങ്ങൾക്ക് ശേഷം നാട്ടകം ബോട്ട് ക്ലബ് എത്തുന്നത് മത്സരം കണ്ടുപോകാനല്ലെന്ന് ആരാധകർ പറയുന്നു.
കാരിച്ചാൽ, പായിപ്പാട്, ചമ്പക്കുളം, ആയാപറമ്പ് വലിയ ദിവാൻഞ്ചി, ചമ്പക്കുളം, തലവടി എന്നീ ചുണ്ടനുകൾ ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ധാരണയായിട്ടില്ല. സമിതികളുമായി ചർച്ചകൾ പുരോഗമിക്കുന്നു.
മിഥുനത്തിലെ മൂലം നക്ഷത്രത്തിൽ (ജൂണ്‍ 29) നടക്കുന്ന രാജപ്രമുഖൻ ട്രോഫിയ്ക്കുവേണ്ടിയുള്ള ചമ്പക്കുളം മൂലം ജലോത്സവത്തോടെ സീസൺ ആരംഭിക്കും. ആഗസ്‌ത് 22ന് പുന്നമടക്കായലിൽ നിശ്ചയിച്ചിരിക്കുന്ന നെഹ്റുട്രോഫിയും തുടർന്ന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും മറ്റ് ചെറു ജലമേളകളും ഉൾപ്പെടുന്നതാണ് വള്ളംകളി സീസൺ.










0 comments