ad
Deshabhimani

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു

Twenty 20 Kizhakkambalam
വെബ് ഡെസ്ക്

Published on Apr 06, 2026, 02:15 PM | 1 min read

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്വന്റി 20ക്ക് കനത്ത തിരിച്ചടി. പൂതൃക്ക പഞ്ചായത്ത്‌ ഭരണം ട്വന്റി 20ക്ക് നഷ്ടമായി. കിറ്റെക്‌സ്‌ മുതലാളി സാബു എം ജേക്കബുവുമായുള്ള തർക്കത്തിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. നറുക്കെടുപ്പിലൂടെ കിട്ടിയ പൂതൃക്ക പഞ്ചായത്ത്‌ ഭരണം ഇതോടെ ട്വന്റി 20യ്ക്ക് നഷ്ടമായി. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിൽ കക്ഷിനില. പിന്നീടാണ് നറുക്കെടുപ്പ് നടത്തിയത്.


സാബുവിന്റെ ബിജെപി ബാന്ധവത്തിന്‌ പിന്നാലെ, ട്വന്റി 20യുടെ പ്രധാന അടിത്തറയായിരുന്ന മുസ്ലിം, ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട നേതാക്കളും പ്രവർത്തകരും നേരത്തെ കൂട്ടത്തോടെ പാർടി വിട്ടിരുന്നു.


കീഴടങ്ങൽ ഇഡിയുടെ 
പിടിവീണപ്പോൾ


പ്രധാന നേതാക്കൾപോലുമറിയാതെയുള്ള രഹസ്യനീക്കത്തിലൂടെയാണ്‌ കിറ്റെക്‌സ്‌ മുതലാളി സാബു എം ജേക്കബ്‌ ട്വന്റി 20 യെ എൻഡിഎയുടെ സഖ്യകക്ഷിയാക്കിയത്‌. രാഷ്‌ട്രീയത്തിലും കച്ചവടത്തിലുമേറ്റ തിരിച്ചടികൾക്കുപുറമെ കേന്ദ്രാന്വേഷണ ഏജൻസിയുടെ പിടികൂടി വീണതോടെ ബിജെപിയുടെ സമ്മർദത്തിന്‌ വഴങ്ങുകയായിരുന്നു സാബു. കമ്പനിയുടെ സിഎസ്‌ആർ ഫണ്ടിന്റെ മറവിൽ നടത്തിവന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ പൊള്ളത്തരവും കണക്കില്ലാതെ പണമൊഴുക്കിയുള്ള പ്രവർത്തനങ്ങളുമാണ്‌ സാബുവിനെ ഇഡിയുടെ നോട്ടപ്പുള്ളിയാക്കിയത്‌. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിലാണ്‌ ബിജെപി സാബുവിനെ വരുതിയിലാക്കാൻ കരുക്കൾ നീക്കിയത്‌.


ഇടത്‌, വലത്‌ മുന്നണികളെ നിരന്തരം ആക്ഷേപിച്ചിരുന്ന സാബു ബിജെപിയുടെ അപ്രീതി സന്പാദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇലക്‌ടറൽ ബോണ്ട്‌ വിവാദമുയർന്നപ്പോൾ ബിജെപിക്ക്‌ നൽകിയ സഹായം സാബു മറച്ചുവച്ചു. വ്യവസായവുമായി തെലങ്കാനയിലേക്ക്‌ പോയപ്പോൾ വഴിവിട്ട സഹായങ്ങൾ നേടിയെടുക്കാൻ ചന്ദ്രശേഖരറാവുവിന്റെ ബിആർഎസിന്‌ 25 കോടി രൂപയാണ്‌ ഇലക്‌ടറൽ ബോണ്ട്‌ നൽകിയത്‌. ബിജെപിക്കും ബോണ്ട്‌ നൽകിയെങ്കിലും തുക എത്രയെന്ന്‌ ഇപ്പോഴും പുറത്തുവന്നിട്ടില്ല.


പണമൊഴുക്കിന്‌ പിടിവീണതിന്റെ പ്രതിഫലനം തദ്ദേശതെരഞ്ഞെടുപ്പിൽ കണ്ടു. സിഎസ്‌ആറിന്റെ മറവിലുള്ള തട്ടിപ്പിന്റെ തനിനിറം ബോധ്യപ്പെട്ട കുന്നത്തുനാട്‌, മഴുവന്നൂർ പഞ്ചായത്തുകൾ ട്വന്റി20 യെ കൈവിട്ടു. നറുക്കിലൂടെയാണ്‌ പൂതൃക്ക പഞ്ചായത്തിൽ അധികാരം കിട്ടിയത്‌. നാലു പഞ്ചായത്തുകളിലുണ്ടായിരുന്ന വ്യക്തമായ പിന്തുണ മൂന്നിലേക്ക്‌ ചുരുങ്ങിയതിനുന്‌ പുറമെ വടവുകോട്‌ ബ്ലോക്കും ഇക്കുറി നഷ്‌ടമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home