ആഘോഷനിറവിൽ മഹാരാജാസ്

കൊച്ചി
മഹാരാജാസ് കോളേജിന്റെ ശതോത്തര സുവർണജൂബിലി ആഘോഷങ്ങളും പുതിയ ഓഡിറ്റോറിയവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ഒരുവർഷം നീളുന്ന ആഘോഷങ്ങൾക്കാണ് തുടക്കമായത്. കിഫ്ബി ഫണ്ടിൽനിന്ന് 15.45 കോടി രൂപ ചെലവഴിച്ച് നിർമിച്ച അത്യാധുനിക സൗകര്യമുള്ള ഓഡിറ്റോറിയമാണ് ശതോത്തര സുവർണജൂബിലി സമ്മാനമായി മുഖ്യമന്ത്രി സമർപ്പിച്ചത്. പൂർവധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷിയായി.
അടിസ്ഥാനസൗകര്യ വികസനങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളാണ് ഒമ്പത് വർഷത്തിനിടെ സർക്കാർ മഹാരാജാസ് കോളേജ് ക്യാമ്പസിൽ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 150 വർഷം പിന്നിടുന്ന കലാലയത്തിന് വിദ്യാലയം എന്ന നിലയിൽ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമാണുള്ളത്. കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ വലിയൊരു നിരയെ വാർത്തെടുക്കുന്നതിൽ ഈ കലാലയം വഹിച്ച പങ്ക് വലുതാണ്. മഹാരാജാസ് കോളേജിന് കേരളത്തിന്റെ പൊതുമണ്ഡലത്തിലുള്ള പ്രസക്തി മനസ്സിലാക്കി മുന്നോട്ടു നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഗമംകൂടിയായി ശതോത്തര സുവര്‍ണജൂബിലി ചടങ്ങ്. ‘മധുരമീ മഹാരാജാസ്' എന്നപേരിൽ സംഘടിപ്പിച്ച പൂർവവിദ്യാർഥി മഹാസംഗമത്തില്‍ വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, പ്രൊഫ. പി കെ രവീന്ദ്രന്‍, കൊച്ചിന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. എന്‍ അജിത്‌കുമാര്‍, എഴുത്തുകാരന്‍ ഡോ. എസ് കെ വസന്തന്‍, സംവിധായകന്‍ അമല്‍ നീരദ് തുടങ്ങി 1950 മുതലുള്ള പൂര്‍വവിദ്യാര്‍ഥികൾ പങ്കെടുത്തു.
ഉദ്‌ഘാടനച്ചടങ്ങിൽ മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കലക്ടർ എൻ എസ് കെ ഉമേഷ്, പ്രിൻസിപ്പൽ ഡോ. എസ് ഷജിലബീവി, കൗൺസിലർ പത്മജ എസ് മേനോൻ, ഡോ. കെ എൻ കൃഷ്ണകുമാർ, ഡോ. എം എസ് മുരളി, ഡോ. ടി വി സുജ, വൈസ് പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശ്, അഡ്വ. മേരി ഹർഷ, കോളേജ് യൂണിയൻ ചെയർമാൻ എം അഭിനന്ദ് എന്നിവർ സംസാരിച്ചു.










0 comments