Deshabhimani

കായികമേയിലെ ഭക്ഷണത്തിൽ പുഴു: അധ്യാപകനെതിരെയുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവന തിരുത്തണം: കെഎസ്‌ടിഎ

KSTA
വെബ് ഡെസ്ക്

Published on Nov 07, 2026, 09:34 AM | 1 min read

തിരുവനന്തപുരം: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വാർത്തയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി നടത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ).


കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടു എന്ന് പറഞ്ഞ കായിക അധ്യാപകൻ ജിയോ തോമസ്, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത് ചെയ്തതെന്ന മന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന കുറ്റം മാത്രമാണ് കുന്ദമംഗലം പൊലീസ് ചുമത്തി കോടതിയിൽ രേഖകൾ സമർപ്പിച്ചിട്ടുള്ളത്.


അധ്യാപകൻ പുഴുവിനെ കൊണ്ടുവരുന്നതും ഭക്ഷണത്തിലിടുന്നതും കണ്ടിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി മുമ്പ് പ്രസ്താവിച്ചിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പോലും പരിശോധിക്കാതെയാണ് ഒരു അധ്യാപകനെതിരെ മന്ത്രി ഇത്തരമൊരു ഗുരുതര ആരോപണം ഉന്നയിച്ചത്. ഇത് മേളയുടെ സംഘാടനത്തിലെ വീഴ്ചകൾ മറച്ചുവെക്കാൻ അധ്യാപകനെ ബലിയാടാക്കുന്നതായിരുന്നു.


മന്ത്രിയുടെ ആരോപണത്തെ തുടർന്ന് അധ്യാപകന് ഗുരുതരമായ സൈബർ ആക്രമണങ്ങളെയും സമൂഹത്തിൽ അപമാനത്തെയും നേരിടേണ്ടി വന്നു. അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായ മാനസിക വിഷമത്തിനും അപമാനത്തിനും ആര് സമാധാനം പറയുമെന്നാണ് കെഎസ്ടിഎയുടെ ചോദ്യം.


സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കണമെന്ന് അന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായിരുന്നില്ല. നിരപരാധിയായ അധ്യാപകനെ സമൂഹത്തിനുമുന്നിൽ അപമാനിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി തന്റെ പ്രസ്താവന തിരുത്തണമെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി.കെ. എഫും സംസ്ഥാന പ്രസിഡന്റ് ഒ കെ ബിനയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home