print edition അഞ്ചുമാസമായി ശമ്പളമില്ല ; സമരംചെയ്‌ത ജീവനക്കാരെ ‘മാധ്യമം’ നാടുകടത്തി

കോഴിക്കോട്
ജമാഅത്തെ ഇസ്ലാമി മുഖപത്രമായ ‘മാധ്യമ’ത്തിൽ അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവന സമരവുമായി തെരുവിലിറങ്ങിയ ജീവനക്കാരെ ‘നാടുകടത്തി’ പത്ര മാനേജ്‌മെന്റ്. മാധ്യമത്തിലെ ശന്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ, പത്രപ്രവർത്തക യൂണിയൻ, നോൺ ജേർണലിസ്‌റ്റ് യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തിങ്കൾ രാവിലെമുതൽ വെള്ളിമാട്‌കുന്നിലെ മാധ്യമം ഹെഡ് ഓഫീസിന് മുന്നിൽ 24 മണിക്കൂർ രാപകൽ ഉപവാസസമരം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയുംചെയ്‌ത ജീവനക്കാരെയാണ് ചൊവ്വ വൈകിട്ട് കൂട്ടത്തോടെ സ്ഥലംമാറ്റിയത്.
തൊഴിൽ വകുപ്പിന്റെ മുൻകൈയിൽ അനുരഞ്ജന ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പ്രശ്‌നം തീർപ്പാക്കുന്നതുവരെ പ്രതികാര നടപടി സ്വീകരിക്കരുതെന്ന ഹെഡ് ക്വാർട്ടേഴ്‌സ് ലേബർ കമീഷണറുടെ ഉത്തരവ് ലംഘിച്ചാണ് മാനേജ്‌മെന്റ് നടപടി. ഡിസംബറിൽ അനുരഞ്ജന ചർച്ച തുടങ്ങിയശേഷം മൂന്നാമത്തെ സ്ഥലംമാറ്റമാണിത്. നിലവിലെ സ്ഥലംമാറ്റങ്ങൾ നിർത്തിവയ്‌ക്കാൻ ജനുവരി 24ന് ലേബർ ഓഫീസർ ഉത്തരവിട്ടിരുന്നു.
‘സാന്പത്തിക പ്രതിസന്ധി’യുടെ മറവിൽ, ഉയർന്ന ജീവനക്കാർക്ക് ലക്ഷങ്ങൾ കൊടുക്കുകയും ജേർണലിസ്‌റ്റ്–നോൺ ജേർണലിസ്‌റ്റ് ജീവനക്കാർക്ക് ശന്പളം നൽകാതിരിക്കുകയുമാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. ഇതേത്തുടർന്ന് ‘ഞങ്ങൾക്കും ജീവിക്കണം’ എന്നാവശ്യപ്പെട്ട് മാധ്യമം ജേർണലിസ്‌റ്റ് യൂണിയനും മാധ്യമം എംപ്ലോയീസ് യൂണിയനും മൂന്നുമാസത്തിലേറെയായി ഓഫീസിനകത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവരികയാണ്. പലവട്ടം ചർച്ച നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് തൊഴിൽ വകുപ്പിനെ സമീപിച്ചതും സമരവുമായി തെരുവിലിറങ്ങിയതും. പ്രതികാര നടപടി തുടരുകയാണെങ്കിൽ നിയമപരമായി നേരിടാനും സമരവുമായി മുന്നോട്ടുപോകാനുമാണ് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും നീക്കം.










0 comments