print edition മധ്യപ്രദേശ് സഹകരണവകുപ്പ് പ്രതിനിധികൾ എൻ എസ് ആശുപത്രി സന്ദർശിച്ചു

എന്‍ എസ് സഹകരണ ആശുപത്രി സന്ദര്‍ശിച്ച മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിനിധികളോട് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് പി രാജേന്ദ്രന്‍ വിശദീകരിക്കുന്നു
കൊല്ലം: ഇന്ത്യയിലെ പ്രധാന സഹകരണ മാതൃകകളെക്കുറിച്ച് പഠിക്കാൻ മധ്യപ്രദേശ് സർക്കാർ നിയോഗിച്ച ഉന്നതതലസംഘം എൻ എസ് സഹകരണ ആശുപത്രി സന്ദർശിച്ചു. ഇന്റർനാഷണൽ കോ ഓപ്പറേറ്റീവ് അലയൻസ്, ഇന്റർനാഷണൽ ഹെൽത്ത് കോ ഓപ്പറേറ്റീവ് ഓർഗനൈസേഷൻ എന്നിവിടങ്ങളിലെ അംഗത്വത്തിലൂടെ സാർവദേശീയ അംഗീകാരം ലഭിച്ച എൻ എസ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ, ചരിത്രം, പശ്ചാത്തല സൗകര്യങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ച് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച നടത്തി.
മധ്യപ്രദേശ് സഹകരണ വകുപ്പ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ സന്തോഷ് യാദേ, സഹകരണ വകുപ്പ് കോളേജ് പ്രിൻസിപ്പൽ ജി പി മോന്ദി, എൻസിഡിസി പ്രതിനിധി ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഇൻസ്പെക്ടർമാർ ഉൾപ്പടെ 30 അംഗ സംഘമാണ് എൻ എസ് സഹകരണ ആശുപത്രി, എൻ എസ് ആയൂർവേദ ആശുപത്രി, എൻ എസ് സാഫല്യം ജെറിയാട്രിക് സെന്റർ എന്നിവ സന്ദർശിച്ചത്.
ആശുപത്രി സംഘത്തിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്‌ട്രതലത്തിൽതന്നെ മികവുറ്റതും പ്രശംസനീയവുമാണെന്ന് സന്തോഷ് യാദേ പറഞ്ഞു. മധ്യപ്രദേശിൽ സർക്കാർ ഉടമസ്ഥതയിൽ സഹകരണ ആശുപത്രി ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ചും സംഘം ആരാഞ്ഞു. ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ, സെക്രട്ടറി പി ഷിബു, ഭരണസമിതി അംഗം പി കെ ഷിബു എന്നിവർ ചേർന്നാണ് സംഘത്തെ സ്വീകരിച്ചത്.









0 comments