print edition തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാരെ ശിക്ഷിക്കുന്നു : എം വി ജയരാജൻ

തിരുവനന്തപുരം
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാക്കിയ വോട്ടർപട്ടികയിലെ തെറ്റിന് ശിക്ഷ വോട്ടർമാർക്കാണെന്നും ഹിയറിങ്ങിൽ പങ്കെടുക്കാൻ നോട്ടീസ് നൽകുന്നതിന് പിന്നിൽ വോട്ടർ പട്ടികയിൽനിന്ന് പേരുനീക്കാനുള്ള ഗുഢാലോചനയാണെന്ന് സംശയിക്കുന്നതായും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമവ്യവസ്ഥയെ കാറ്റിൽപ്പറത്തുന്ന നടപടിയാണിത്. ആൺ എന്നതിന് പകരം പെൺ, പ്രായത്തിൽ അച്ഛനും അമ്മയും മക്കളും തമ്മിലുള്ള വ്യത്യാസം, പേരിലെ വ്യത്യാസം, വിലാസം എന്നിവയ്‌ക്കെല്ലാം തിരുത്തൽ വരുത്താൻ ഹാജരാകണം. തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാക്കിയ പട്ടികയിലെ പിഴവുകളാണിതെന്ന് തിരിച്ചറിയാതെ മുഴുവൻ പഴിയും വോട്ടർമാരിൽ ചുമത്തിയാണ് നടപടി. രാഷ്‌ട്രീയ പ്രതിനിധികളുടെ യോഗത്തിൽ സിപിഐ എം ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ബിഎൽഒമാരോട് തിരുത്തി നൽകാനാവശ്യപ്പെട്ടെന്ന് അറിയിച്ച രെരഞ്ഞെടുപ്പ് നിരീക്ഷകർ ഇപ്പോൾ ബിഎൽഒമാർക്ക് വാട്‌സാപ്പിലൂടെ നിർദേശം നൽകുന്നു. 65 ലക്ഷം പേര് വോട്ടർപട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണ്. ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കത്തയച്ചിട്ടുണ്ട്. ബിഎൽഒമാരെ ചുമതലപ്പെടുത്തി തെറ്റ് തിരുത്തണം.
വോട്ടർമാർ നൽകുന്ന അപേക്ഷയിൽ തെറ്റുവരില്ല. അഞ്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തവർക്ക് വോട്ട് പുതുക്കാൻ ഹിയറിങ്ങിൽ പങ്കെടുക്കണമെന്നത് യുക്തിസഹമല്ല. ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയാലേ പട്ടികയിലുൾപ്പെടുത്തൂവെന്ന നിർദേശം ഒഴിവാക്കണമെന്നും ജയരാജൻ പറഞ്ഞു.










0 comments