വർഗീയതയുടെ യഥാർഥ ഗുണഭോക്താവ് കോൺഗ്രസ്: എം വി ഗോവിന്ദൻ


സ്വന്തം ലേഖകൻ
Published on Jan 26, 2025, 02:55 AM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ (കൊച്ചി): സംസ്ഥാനത്ത് ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയുടെ യഥാർഥ ഗുണഭോക്താവ് കോൺഗ്രസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ചേർന്ന് ലീഗിനെ തടവറയിലാക്കി. വയനാട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് വർഗീയവാദികളുടെ വോട്ടുകൂടി നേടിയിട്ടാണ്. ഒടുവിൽ തൃശൂരിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും അത് പ്രകടമായി.
ഇത് കോൺഗ്രസിലും ലീഗിലും ദൂരവ്യാപകമായ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും എറണാകുളം ടൗൺ ഹാളിൽ സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു എം വി ഗോവിന്ദൻ പറഞ്ഞു തൃശൂരിൽ ബിജെപി വിജയിച്ചത് കോൺഗ്രസിന്റെ ചെലവിലാണ്.
പാലക്കാട്ട് കോൺഗ്രസിന് കിട്ടിയ പതിനായിരം വോട്ട് എസ്‌ഡിപിഐയുടേതാണെന്ന് അവർതന്നെ പ്രഖ്യാപിച്ചു. 4000 വോട്ട് ജമാഅത്തെ ഇസ്ലാമിയുടേതാണെന്ന് അവരും പറഞ്ഞു. വർഗീയവാദികളുമായി കൂട്ടുകൂടുന്ന യുഡിഎഫിനെ കേരളജനത മൂന്നാമതും പ്രതിപക്ഷത്തിരുത്തും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുമുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.








0 comments