വർഗീയ പ്രചാരണങ്ങളെ തോൽപ്പിക്കാൻ കരുത്ത് പകരട്ടെ
print edition ക്രിസ്മസ് ആഘോഷത്തിലെ മതനിരപേക്ഷത സംഘപരിവാർ തകർക്കുന്നു: എം വി ഗോവിന്ദൻ

സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കേക്ക് മുറിക്കുന്നു
കൊല്ലം
ക്രിസ്മസ് ആഘോഷം വിലക്കുക മാത്രമല്ല, ചില സംസ്ഥാന സർക്കാരുകൾ ക്രിസ്മസ് അവധിയും നിഷേധിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിൽ ക്രിസ്‌മസ് കേക്ക് മുറിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് ആഘോഷത്തിനു പകരം അന്നേദിവസം ചില സംഘപരിവാർ നേതാക്കളുടെ ജന്മദിനവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് ഉത്തരവ്. ക്രിസ്മസ് കാരൾ ഉൾപ്പടെയുള്ളവയ്‌ക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. ക്രിസ്മസ് കാരൾ എല്ലാ വിഭാഗങ്ങളുടെയും ആഘോഷമായാണ് സംഘടിപ്പിക്കുന്നത്. അതിനെ വർഗീയ കണ്ണുകൊണ്ട് നോക്കി കടന്നാക്രമിക്കുന്ന രീതിയാണ് രാജ്യത്തിന്റെ പല ഭാഗത്തുമുള്ളത്.
അത്തരത്തിലുള്ള ചില പ്രതികരണങ്ങൾ കേരളത്തിലും ഉണ്ടാകുന്നു. ആ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളാകെ മതനിരപേക്ഷ ഉള്ളടക്കത്തോടെ നടത്തുന്ന ഇത്തരം ആഘോഷങ്ങളിൽ പങ്കുചേരുക എന്നത് ഒരു ചുമതലയാണ്. അതുകൊണ്ടാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചതെന്നും എല്ലാവർക്കും ക്രിസ്‌മസ്, പുതുവത്സരാശംസകൾ നേരുന്നതായും എം വി ഗോവിന്ദൻ പറഞ്ഞു.
വർഗീയ പ്രചാരണങ്ങളെ തോൽപ്പിക്കാൻ കരുത്ത് പകരട്ടെ
സ്‌നേഹവും സമാധാനവും പരസ്പരം കൈമാറണമെന്ന ഓർമപ്പെടുത്തലാണ് ക്രിസ്‌മസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമാധാനം പുലരണമെന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഈ ക്രിസ്‌മസ് കാലത്തെയും വെറുപ്പ് പ്രചരിപ്പിക്കാനുള്ള അവസരമായാണ് വർഗീയ ശക്തികൾ ഉപയോഗപ്പെടുത്തുന്നത്. കാരൾ സംഘങ്ങളെ ആക്രമിച്ചും ക്രിസ്മസ് ആഘോഷത്തിന് വിലങ്ങിടാൻ ശ്രമിച്ചും സംഘപരിവാർ ശക്തികൾ വിദ്വേഷ പ്രചാരണം തുടരുകയാണ്.
തെരഞ്ഞെടുപ്പുനേട്ടം ലക്ഷ്യമിട്ട് അരമനകളിലേക്ക് കേക്കുമായി പോയവർ ക്രിസ്മസ് തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. വിശ്വാസത്തെയും വിശ്വാസികളെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്ന സംഘപരിവാറിന്റെ തനിനിറമാണ് ഇതുവഴി വെളിപ്പെടുന്നത്. ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളെ അതിജീവിക്കാനും വർഗീയ പ്രചാരണങ്ങളെ ചെറുത്ത് തോൽപ്പിക്കാനുമുള്ള കരുത്തും ഈ ക്രിസ്‌മസ് പകരട്ടെയെന്നും അദ്ദേഹം സന്ദേശത്തിലൂടെ അറിയിച്ചു.










0 comments