അറിയാം രചനകളുടെ നക്ഷത്രകാന്തി, കൂടല്ലൂരിന്റെ ഗ്രാമ്യസൗഭഗവും
print edition എം ടിയുടെ വേർപാടിന് നാളെ ഒരാണ്ട് ; ഓർമകളുടെ സുകൃതമന്ദിരമുയരും തുഞ്ചൻപറമ്പിൽ

പി വി ജീജോ
Published on Dec 24, 2025, 01:58 AM | 1 min read
കോഴിക്കോട്
മലയാളത്തിന്റെ സാഹിത്യസുകൃതം എം ടി വാസുദേവൻ നായരുടെ ഓർമകൾക്കും സർഗാത്മകതക്കും ആദരമായി മ്യൂസിയവും ഗ്യാലറിയും വരുന്നു. എം ടിയുടെ പ്രവർത്തനകേന്ദ്രമായിരുന്ന തിരൂർ തുഞ്ചൻപറമ്പിലാണ് കലാ–സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുക. വാക്കുകളാൽ നക്ഷത്രപ്രഭചൊരിഞ്ഞ മഹാപ്രതിഭയുടെ വിയോഗം ഡിസംബർ 25നായിരുന്നു.
സർഗമണ്ഡലത്തിലും സാംസ്‌കാരികലോകത്തും പൂരിപ്പിക്കാനാകാത്ത ശൂന്യത സൃഷ്ടിച്ച് കടന്നുപോയ എഴുത്തുകാരനെ ആ മഹദ്‌ജീവിതാനുഭവങ്ങളിലൂടെ പുനരാവിഷ്‌കരിക്കാനുള്ള സംരംഭമാകും ഗ്യാലറികളും മ്യൂസിയവും തിയറ്ററുമെല്ലാം ചേരുന്ന എം ടി സാംസ്‌കാരിക സമുച്ചയം. സാംസ്‌കാരിക വകുപ്പിന്റെ മുൻകൈയിൽ തുഞ്ചൻ സ്‌മാരക ട്രസ്‌റ്റിന്റെ മേൽനോട്ടത്തിലാണ് പണിയുക. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണവും രൂപകൽപ്പനയുമെന്ന് തുഞ്ചൻ ട്രസ്‌റ്റ് സെക്രട്ടറി പി നന്ദകുമാർ എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ എം ടി സ്‌മാരകത്തിനായി ആദ്യഘട്ടം അഞ്ചുകോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. 32 വർഷത്തോളം തുഞ്ചൻ സ്‌മാരക ട്രസ്‌റ്റിനെ നയിച്ച് തുഞ്ചൻപറന്പിനെ മലയാളത്തിന്റെ കലാ–സാംസ്‌കാരിക തീർഥാടനകേന്ദ്രമാക്കി വളർത്തിയത് എം ടിയുടെ നേതൃത്വത്തിലായിരുന്നു.
അറിയാം രചനകളുടെ നക്ഷത്രകാന്തി, കൂടല്ലൂരിന്റെ ഗ്രാമ്യസൗഭഗവും
തുഞ്ചൻസ്‌മാരകത്തിലെ സരസ്വതി മണ്ഡപത്തോട് ചേർന്നാകും സമുച്ചയം. നിർമിതബുദ്ധിയുടെ സാധ്യത വിനിയോഗിച്ചുള്ള മ്യൂസിയം പുതുതലമുറക്കും വിസ്‌മയാനുഭവമാകും. എം ടിയുടെ എല്ലാ രചനകളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളും ഉണ്ടാകും. ഡിജിറ്റൽ ആർക്കൈവ്‌സാണ് മറ്റൊരു സവിശേഷത. സിനിമയിലും സാഹിത്യത്തിലും സഹൃദയരുടെ ഉള്ളകം തൊട്ട വിഖ്യാതമായ സൃഷ്ടികളുടെ ദൃശ്യാനുഭവമാകും മ്യൂസിയവും ഗ്യാലറികളും. സിനിമയും നാടകവും പ്രദർശിപ്പിക്കാവുന്ന ബ്ലാക്ക്‌ബോക്‌സ് തിയറ്ററാകും മറ്റൊരു ആകർഷണീയത. സിനിമാ–സാഹിത്യസന്ദർഭങ്ങളുടെ ചിത്രീകരണം, ശിൽപങ്ങൾ, വായനമുറി, സംവാദകേന്ദ്രം എന്നിവയെല്ലാമായി, കാലാതീതനായ കലാകാരനുള്ള മലയാളത്തിന്റെ സാംസ്‌കാരികാദരമാകും ഭാഷാപിതാവിന്റെ മണ്ണിൽ ഉയരുക.









0 comments