print edition വയനാട് പണപ്പിരിവ്: കോൺഗ്രസിന്റെ കള്ളക്കണക്ക് ആര് വിശ്വസിക്കും: എം സ്വരാജ്

എം സ്വരാജ്
കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരിൽ കേരളത്തിൽ പണപ്പിരിവ് കൊള്ളയുടെ പരന്പര തന്നെ സംഘടിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ദുരിതബാധിതരെ കാണിച്ച് അവർ പിരിച്ച പണത്തിന്റെ കണക്കെന്നപേരിൽ കോൺഗ്രസ് അവതരിപ്പിച്ചത് ലോകൈക കള്ളക്കണക്കാണെന്നും സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് കൊട്ടിഘോഷിച്ച് നടത്തിയ പിരിവിലൂടെ ഇത്രയും ചെറിയതുകയാണ് ലഭിച്ചതെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക. പലവട്ടം സംസ്ഥാനഭരണത്തിന് നേതൃത്വം നൽകിയ പാർടി പ്രത്യേക ആപ്പും മറ്റു തയ്യാറെടുപ്പുകളും നടത്തി പിരിച്ചത് വെറും അഞ്ചുകോടി എന്നാണ് പറയുന്നത്. ഇനിയും പിരിക്കേണ്ടിവരുമെന്നും പറയുന്നു. പിരിച്ചിടത്തോളം പണം അടിച്ചുമാറ്റി എന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. വയനാട് ദുരന്തത്തെ മറയാക്കി പണപ്പിരിവ് പരന്പരതന്നെ നടത്താനും കൊള്ളയടിക്കാനുമാണ് നീക്കം. ഒറ്റദുരന്തത്തിന്റെ മറവിൽ പണക്കൊള്ളയുടെ പരന്പര.
ഇതുവരെ ജോയിന്റ് അക്കൗണ്ടിൽ സുരക്ഷിതമാണെന്നുപറഞ്ഞ പണമെല്ലാം എവിടെപ്പോയി. സ്ഥലം വാങ്ങിയതോടെ പിരിച്ച പണം തീർന്നെന്ന് പറയുന്നു. 10 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നുപറഞ്ഞ വീടുപണിക്ക് ഏത് പണമാണ് ചെലവഴിക്കുക. ഇത്തരമൊരു കള്ളക്കണക്ക് അവർ തയ്യാറാക്കിവരികയാണെന്ന് സൂചനകളുണ്ടായിരുന്നു. അതുവഴി അവർ സ്വയം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.
വലിയ രാഷ്‌ട്രീയപാർടി എന്നവകാശപ്പെടുന്ന കോൺഗ്രസിന് ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയുടെ സംഘടനാശേഷി പോലുമില്ലെന്നും തെളിഞ്ഞു. 25 വീട് നിർമിച്ചുനൽകുമെന്നുപറഞ്ഞ ഡിവൈഎഫ്‌ഐ ആ പണം കണ്ടെത്താൻ പൊതുജനങ്ങളിൽനിന്ന് പിരിവെടുത്തില്ല. പകരം, ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റും പ്രവർത്തകർ ജോലിചെയ്‌ത കൂലി സംഭാവന ചെയ്‌തും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചുമാണ് പണം സമാഹരിച്ചത്.
തെരഞ്ഞെടുപ്പ് കഴിയുംവരെമാത്രം ആയുസ്സുള്ള പ്രകടനപത്രികയാണ് യുഡിഎഫിന്റെത്. വോട്ട് ലക്ഷ്യമിടുന്ന വാഗ്‌ദാനങ്ങൾ, അവർ അധികാരത്തിൽ വന്നിടത്തൊന്നും നടപ്പായിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.










0 comments