print edition തദ്ദേശ വകുപ്പ് അഡീ. ഡയറക്ടർ അവധിയിൽ പോയി

തിരുവനന്തപുരം/ പാലക്കാട്: തെരഞ്ഞെടുപ്പുഫലം വന്നതിനുപിന്നാലെ കോൺഗ്രസ്, ലീഗ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ കൂട്ടസ്ഥലംമാറ്റത്തിനായി സമ്മർദവും ഭീഷണിയും തുടരുന്നു. ഭീഷണി സഹിക്കാനാകാതെ തദ്ദേശവകുപ്പ് ഭരണവിഭാഗം അഡീഷണൽ ഡയറക്ടർ അവധിയിൽപോയി.
സ്ഥലംമാറ്റേണ്ടവരുടെ വെവ്വേറെ പട്ടിക തയ്യാറാക്കി എൻജിഒ അസോസിയേഷന്റെ ഇരുവിഭാഗങ്ങളും ലീഗിന്റെ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയനും വകുപ്പ് മേധാവിമാരെ കണ്ടു. സുപ്രധാന ഗസറ്റഡ് തസ്തികകളിൽ തങ്ങളുടെ നേതാക്കളെ നിയമിക്കാനാണ് വകുപ്പ് മേധാവികൾക്കുമുകളിൽ ഇവരുടെ സമ്മർദം. അർഹരുടെ പ്രമോഷൻ അടക്കമുള്ള നടപടികൾ സമ്മർദംമൂലം മരവിപ്പിച്ചിരിക്കുകയാണ്.
സംഘടനാ അംഗങ്ങളോട് ഏത് ഓഫീസ് വേണമെന്ന് അന്വേഷിച്ച് എൻജിഒ അസോസിയേഷൻ വിവരശേഖരണം നടത്തുന്നുണ്ട്. തദ്ദേശഭരണ വകുപ്പിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഓൺലൈൻ സ്ഥലംമാറ്റമുൾപ്പെടെ അട്ടിമറിക്കാനാണ് ശ്രമം. 2026ലെ പൊതുസ്ഥലം മാറ്റത്തിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവർ ഇതോടെ ആശങ്കയിലായി.
പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ മൂന്നുപേരെ മാറ്റി. എസ്‌റ്റാബ്ലിഷ്‌മെന്റ് ജൂനിയർ സൂപ്രണ്ടിനെ ജനറൽ വിഭാഗത്തിലേക്കും തിരിച്ചുമാണ് മാറ്റിയത്. രണ്ട് ക്ലർക്കുമാരെയും മാറ്റി. തദ്ദേശഭരണം, വിദ്യാഭ്യാസം, ആരോഗ്യം, റവന്യൂ, സഹകരണം വകുപ്പുകളിൽ ജീവനക്കാരുടെ പട്ടിക ആവശ്യപ്പെട്ടിരിക്കുകയാണ്. പല വകുപ്പ് മേധാവിമാരും പ്രതികരിച്ചിട്ടില്ല.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥലം മാറ്റിയാൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനുള്ള നീക്കത്തിലാണ് പലരും.
ഭരണം മാറിയതിന്റെപേരിൽ ജീവനക്കാരെ സ്ഥലം മാറ്റുമെന്ന ഭീഷണി അംഗീകരിക്കില്ലെന്നും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഇടപെട്ടാൽ ശക്തമായി പ്രതിരോധിക്കുമെന്നും കേരള എൻജിഒ യൂണിയൻ പാലക്കാട് ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ പറഞ്ഞു.










0 comments