ad
Deshabhimani

print edition ആഗസ്ത്‌ 5, 6ന്‌ ലോട്ടറിത്തൊഴിലാളികളുടെ പ്രതിഷേധ മാർച്ച്‌

Lottery.jpg
വെബ് ഡെസ്ക്

Published on Jul 25, 2026, 12:00 AM | 1 min read

കണ്ണൂർ : ലോട്ടറി കമീഷൻ വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ചും വ്യാജ ലോട്ടറിക്കാർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടും ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) പ്രക്ഷേഭത്തിലേക്ക്‌. ജില്ലാ ലോട്ടറി ഓഫീസുകളിലേക്ക്‌ ആഗസ്‌ത്‌ അഞ്ചിനും ആറിനും പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന്‌ -ഫെഡറേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഓണം ബമ്പർ ടിക്കറ്റ്‌ വിൽപ്പന കമീഷൻ വെട്ടിക്കുറച്ചത്‌ പിൻവലിക്കുക, വിൽക്കാത്ത സമ്മാനാർഹമായ ടിക്കറ്റുകൾ ലോട്ടറി ഓഫീസുകളിൽനിന്ന്‌ മോഷണം പോയത്‌ അന്വേഷിക്കുക, വ്യാജ ടിക്കറ്റുകൾ ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കുക, ഒറ്റനമ്പർ ലോട്ടറിയും ഓൺലൈൻ ലോട്ടറിയും എഴുത്തുലോട്ടറിയും തടയുക, ജിഎസ്ടി വർധിപ്പിച്ച കേന്ദ്രസർക്കാരിനോട് കുറയ്ക്കാൻ ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ചും ധർണയും.


ഓണം ബമ്പർ ടിക്കറ്റിന്‌ 10 രൂപയാണ്‌ കമ്മീഷൻ വെട്ടിക്കുറച്ചത്‌. ലോട്ടറിത്തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുകയാണ്‌ സർക്കാർ. വിൽക്കാത്തതും സമ്മാനം കിട്ടിയതുമായ ടിക്കറ്റുകൾ ലോട്ടറി ഓഫീസുകളിൽനിന്ന്‌ മോഷണംപോയ സംഭവവും ആദ്യത്തേതാണ്‌. എറണാകുളം, നെയ്യാറ്റിൻകര, പത്തനംതിട്ട ലോട്ടറി ഓഫീസുകളിൽനിന്നുമാണ് മോഷണംപോയത്‌. ഇ‍ൗ ടിക്കറ്റുകൾ മാറി നൽകിയതിനാൽ എറണാകുളത്തെ ഏജന്റിനുമാത്രം 3.26 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.


കഴിഞ്ഞ ഫെബ്രുവരി രണ്ടിന്‌ നറുക്കെടുത്ത ഭാഗ്യധാരയുടെ ഒന്നാം സമ്മാനമടിച്ച ടിക്കറ്റും വ്യാജമായി നിർമിച്ചു. കുന്നംകുളം സ്വദേശിയായ ഷാജുവാണ്‌ വ്യാജ ടിക്കറ്റ്‌ ഹാജരാക്കിയത്‌. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ്ചെയ്‌തിട്ടില്ല. ലോട്ടറിയുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം നടപടികൾ കർശനമായി തടയണം. ജിഎസ്ടി 40 ശതമാനമായുയർത്തിയത്‌ കേരള ഭാഗ്യക്കുറിയെ ഗുരുതരമായി ബാധിച്ചു. ഇതുമൂലം ഏജന്റുമാരുടെയും തൊഴിലാളികളുടെയും വരുമാനവും സർക്കാരിന്റെ വരുമാനവും സമ്മാനത്തുകയും ഗണ്യമായി കുറഞ്ഞു. വർധിപ്പിച്ച ജിഎസ്ടി കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.

ഫെഡറേഷൻ പ്രസിഡന്റ്‌ പി ആർ ജയപ്രകാശ്‌, ജനറൽ സെക്രട്ടറി ടി ബി സുബൈർ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home