ad
Deshabhimani

വീട് ജപ്തി ഭീഷണിയിൽ, കടക്കെണി; ഒടുവിൽ 12 കോടി പൊന്നന്റെ കൊച്ചുവീട്ടിലേയ്ക്ക്

Ponnan

പൊന്നനും കുടുംബവും

വെബ് ഡെസ്ക്

Published on May 24, 2026, 02:33 PM | 1 min read

ശാസ്താംകോട്ട: ജപ്തി ഭീഷണി നേരിട്ടപ്പോൾ പലരോടായി കടംവാങ്ങി വായ്പ തിരിച്ചടച്ച് വീ‌ട് നിലനിർത്തി. കടക്കെണിയിൽ നിന്ന് എങ്ങനെ മുൻപോട് പോകുമെന്ന് ആശങ്കപ്പെട്ട് നിന്ന ശൂരനാട് ആനയടി വയലിൽ ഉന്നതിയിൽ വിനോദ് ഭവനത്തിൽ പൊന്നൻ (72) കരുതിയിരുന്നില്ല ഇത്തവണത്തെ വിഷു ഭാ​ഗ്യം തന്റെ കൊച്ചുവീട്ടിലേയ്ക്ക് ആണ് വന്ന് കയറുന്നതെന്ന്. ലോട്ടറി വിറ്റു നടന്നവരുടെ കൈകളിലേയ്ക്ക് ലോട്ടറി തന്നെ കോടികൾ എത്തിച്ചതിന്റെ പകപ്പിലാണ് പൊന്നനും ഭാര്യ രാധാമണിയമ്മയും(65) മകൻ വിനോദ്കുമാറും(39). പൊന്നൻ പെയിന്റിങ് തൊഴിലാളിയാണ്, ചെറുകിട ലോട്ടറി വിൽപ്പനയും ഉണ്ട്.


ഭാര്യയും മകനും ലോട്ടറി കച്ചവടം തന്നെയാണ് നടത്തുന്നത്. കൊവിഡ് കാലത്താണ് മൂവരും ലോട്ടറി കച്ചവടത്തിലേയ്ക്ക് തിരിഞ്ഞത്. രാധാമണിയമ്മ വീടിനുസമീപം തട്ടിട്ട് ആണ് ലോട്ടറിക്കച്ചവടം നടത്തുന്നത്. വിനോദ് കിലോമീറ്ററുകൾ നടന്നാണ് ലോട്ടറി വിൽപ്പന. പ്രായമായതോടെ ഇടയ്ക്ക് മാത്രമാണ് പൊന്നൻ നടന്ന് വിൽപ്പനയ്ക്ക് പോകുക. കോടികളുടെ ഭാ​ഗ്യം വന്ന് കയറിയതുകൊണ്ട് വലിയ ആ​ഗ്രഹങ്ങളൊന്നും ഈ കുടുംബത്തിനില്ല. മകൻ വിനോദിന്റെ വിവാഹം നടത്തണം. വീട് അറ്റകുറ്റപ്പണി നടത്തണം. വെള്ളം കെട്ടിനിൽക്കുന്ന പറമ്പിൽ മണ്ണിട്ട് നികത്തണം. കടങ്ങൾ വീട്ടണം. ബാക്കിത്തുക ബാങ്കിലിട്ട് ജീവിക്കണം. ഇത് മാത്രമെ മനസിൽ ഉള്ളൂവെന്ന് വിഷു ബംബർ ഭാ​ഗ്യശാലി പറയുന്നു.


ഒരുമാസം മുൻപാണ് കരുനാഗപ്പള്ളി മണപ്പള്ളി ‘അമ്മ’ ലോട്ടറി ഏജൻസിയിൽ നിന്ന്‌ വി ബി 135452 എന്ന ടിക്കറ്റ് എടുത്തത്. മകൻ വിനോദിന് പനിയായപ്പോൾ ടിക്കറ്റെടുക്കാൻ മണപ്പള്ളിക്കുപോയത് പൊന്നനായിരുന്നു. വിൽപ്പനയ്ക്കുള്ള ടിക്കറ്റെടുത്ത് കഴിഞ്ഞപ്പോഴാണ് കടയുടെ മുന്നിലെ ക്ലിപ്പിൽ പ്ലാസ്റ്റിക് കവറിൽ തൂക്കിയിട്ടിരിക്കുന്ന വിഷു ബമ്പർ ശ്രദ്ധയിൽപ്പെട്ടത്. അതിലെ നമ്പർ കണ്ട് ഇഷ്ടപ്പെട്ടാണ് ലോട്ടറി വാങ്ങിയതെന്ന് പൊന്നൻ പറയുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home