നാടിന് സമർപ്പിച്ചത് 390 കോടിയുടെ 62 റോഡ്
ഇതാ രാജ്യത്തെ ഏറ്റവും വലിയ സ്‌മാർട്ട് റോഡ്

സ്മാർട്ടായ വെള്ളയമ്പലം ചെന്തിട്ടറോഡ് ഫോട്ടോ : നിലിയ വേണുഗോപാൽ
തിരുവനന്തപുരം
രാജ്യത്തെ ഏറ്റവും വലിയ സ്‌മാർട്ട് റോഡ് ഉൾപ്പെടെ 390 കോടിയുടെ 62 റോഡ് സംസ്ഥാന സർക്കാർ നാടിന് സമർപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ മുതൽ ചെന്തിട്ടവരെ 3.275 കിലോമീറ്ററിൽ നിർമിച്ച സി വി രാമൻപിള്ള റോഡ് രാജ്യത്തെ ഏറ്റവും നീളം കൂടിയ സ്‌മാർട്ട് റോഡ് എന്ന നേട്ടം സ്വന്തമാക്കി.
ആന്ധ്രപ്രദേശ് വിജയവാഡയിലെ മൂന്നു കിലോമീറ്റർ നീളമുള്ള ‘ഗോൾഡൻ മൈൽ’ റോഡിനെ മറികടന്നാണ് ഈ നേട്ടം. നിർമാണ മികവിന്റെയും നിലവാരത്തിന്റെയും കാര്യത്തിൽ ജനശ്രദ്ധ നേടിയ ഈ റോഡ് സ്‌മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി കെആർഎഫ്‍ബിയുടെ നേതൃത്വത്തിൽ നിർമിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. നിർമാണച്ചെലവ് 77 കോടി രൂപ.
തലസ്ഥാന നഗരത്തിൽ സ്‌മാർട്ട് നിലവാരത്തിൽ 180 കോടി ചെലവഴിച്ച് പുനർനിർമിച്ച 12 പ്രധാന റോഡും വിവിധ ജില്ലകളിലായി നിർമിച്ച 50 റോഡും ഉദ്ഘാടനം ചെയ്‌തവയിൽ ഉൾപ്പെടുന്നു. സ്‌മാർട്ട് റോഡുകളിൽ വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ്, സ്വകാര്യ കേബിൾ ലൈനുകളെല്ലാം റോഡിന് അടിയിലൂടെയാണ് കടന്നുപോകുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള, ഡ്രെയിനേജ് പൈപ്പുകൾ കടന്നുപോകുന്നതിനും പ്രത്യേക സംവിധാനമുണ്ട്. കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോവേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല.
റോഡുകൾ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിലും പൊതുമരാമത്ത് വകുപ്പിന്റെ അക്ഷീണ പരിശ്രമത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. ഇവ വെറും റോഡുകൾ അല്ല, അവ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളാണെന്നും മന്ത്രി പറഞ്ഞു.









0 comments