തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

PHOTO: Google/Abdul Basith Tk
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ. വോട്ടെടുപ്പ് നടക്കുന്ന 9നും 11നും അതത് ജില്ലകളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് അവധി. വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലുള്ളവരും, എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയിൽ ജോലി ചെയ്യുന്നവരുമായ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. കാഷ്വൽ ലീവ്, കമ്യൂട്ടഡ് ലീവ്, ആർജിതാവധി എന്നിവ ഒഴികെ സ്പാർക്കിൽ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി തെരഞ്ഞെടുക്കാം.
വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വേതനത്തോടെ അവധി നൽകണം. ഐടി കമ്പനികൾ, ഫാക്ടറികൾ, കടകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത് കർശനമായി നടപ്പാക്കാൻ ലേബർ കമീഷണർക്ക് സർക്കാർ നിർദേശം നൽകി. താമസസ്ഥലവും ജോലിസ്ഥലവും വെവ്വേറെ ജില്ലയിലായിരിക്കുന്ന ദിവസക്കൂലി/കാഷ്വൽ തൊഴിലാളികളും ശമ്പളത്തോടെ അവധിക്ക് അർഹരാണ്.







0 comments