തിരംഗാ മാർച്ച് തടയാൻ കടുത്ത നീക്കങ്ങളുമായി കേന്ദ്ര സർക്കാർ; കസ്റ്റഡി, ഭീഷണി, വൻ സേനാ വിന്യാസം

ഡൽഹി സെൻട്രൽ പാർക്ക് അടച്ചിട്ട് പൊലീസ് കാവൽ നിൽക്കുന്നു | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി വെള്ളിയാഴ്ച വൈകീട്ട് നിശ്ചയിച്ച തിരംഗാ മാർച്ച് തടയാൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. മാർചിന് അനുമതി നിഷേധിച്ചതിനൊപ്പം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ട്. ഡൽഹി നഗരത്തിൽ കേന്ദ്രസേനാ സാന്നിധ്യവും പൊലീസ് സന്നാഹങ്ങളും വർദ്ധിപ്പിച്ചു. മാർചിന് നേതൃത്വം നേൽകുന്നവരെയും പങ്കെടുക്കുന്നവരെയും കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരിക്കുകയാണ്.
കൊണാട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്കാണ് സിജെപി മാർച് നിശ്ചയിച്ചത്. അതോടെ, ഡൽഹി മുൻസിപ്പൽ കോർപറേഷൻ 16,17 തിയതികളിൽ പാർക്ക് അടച്ചിടാൻ തീരുമാനിച്ചു. സിജെപി മാർചിന് അനുമതി നിഷേധിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, സിജെപി പ്രതിഷേധം തടയാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. അതിനു ശേഷവും കടുത്ത നിയന്ത്രണങ്ങളുമായി നീങ്ങുകയാണ് കേന്ദ്ര സർക്കാർ. സിജെപി നേതാവ് അഭിജിത് ദീപ്കെയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് അഭിജിതിനെ പിന്തുടരുന്നുണ്ട്. സിജെപിയുടെ മറ്റു നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതായാണ് വിവരം.
ഏകദേശം കാൽലക്ഷത്തോളം സുരക്ഷാ ഭടന്മാരെയാണ് നഗരത്തിൽ വിന്യസിച്ചത്. നിരോധനം ലംഘിച്ച് മാർച് ചെയ്യുന്നവരെ കടുത്ത രീതിയിൽ നേരിടാനാണ് സേനകൾക്കുള്ള നിർദ്ദേശം. കൊണാട് പ്ലേസിലേക്കുള്ള റോഡുകളെല്ലാം അടച്ചു. ഇൗ മേഖലയിൽ കൂട്ടംകൂടുന്നത് നിരോധിച്ചു. ഇതു ലംഘിച്ചാൽ കടുത്ത നിയമനടപടി നേരിടണമെന്ന ഭീഷണിയുമുണ്ട്.









0 comments