പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ചരിത്രനേട്ടം ലക്ഷ്യമിട്ട് വിൻഡീസ്, അഞ്ചാം ട്വന്റി20 നാളെ

ശ്രേയസ് അയ്യർ, ഷായ് ഹോപ്| Photo: BCCI
ബംഗളൂരു : ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയിലെ നിർണായക അഞ്ചാം മത്സരം നാളെ ബംഗളൂരുവിൽ. അഞ്ച് മത്സര പരമ്പര 2–2ന് സമനിലയിലായതോടെ നാളത്തെ പോരാട്ടം ഇരു ടീമുകൾക്കും ഫൈനലിന് തുല്യമാണ്. ഇന്ത്യയിൽ ട്വന്റി20 പരമ്പര സ്വന്തമാക്കി ചരിത്രം കുറിക്കാനാണ് വെസ്റ്റ് ഇൻഡീസിന്റെ ശ്രമം. സ്വന്തം മണ്ണിൽ പരമ്പര വിജയം ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
2002നുശേഷം ഇന്ത്യയിൽ ഒരു ഫോർമാറ്റിലും പരമ്പര നേടാൻ വെസ്റ്റ് ഇൻഡീസിനായിട്ടില്ല. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള അവസരമാണ് ഷായ് ഹോപിനും സംഘത്തിനും മുന്നിലുള്ളത്. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഇല്ലാത്ത ഇന്ത്യൻ നിരയ്ക്ക് ബൗളിങ്ങിലെ പോരായ്മകൾ മറികടക്കേണ്ടതുണ്ട്.
പരമ്പരയിൽ വെസ്റ്റ് ഇൻഡീസിന്റെ കരുത്ത് ക്യാപ്റ്റൻ ഷായ് ഹോപിന്റെ ബാറ്റിങ്ങാണ്. ഏകദിനത്തിൽ 278 റൺസും ട്വന്റി20യിൽ 261 റൺസും നേടിയ ഹോപ് ഇന്ത്യൻ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണ്. ഹോപിനെ പുറത്താക്കാനായ മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ചപ്പോൾ, താരം പുറത്താകാതെ നിന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോറ്റു. ഇന്ത്യൻ നിരയിൽ സഞ്ജു സാംസന്റെ പ്രകടനവും നിർണായകമാകും.
അഭിഷേക് ശർമയ്ക്കും ഇഷാൻ കിഷനും വെല്ലുവിളിയാകുന്ന ഓഫ് സ്പിന്നർ റോസ്റ്റൺ ചേസിനെതിരായ സഞ്ജുവിന്റെ ആക്രമണാത്മക ബാറ്റിങ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.
ബംഗളൂരുവിലെ ചെറിയ ബൗണ്ടറികൾ ബാറ്റർമാർക്ക് അനുകൂലമാണ്.
അതിനാൽ ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്താനാണ് സാധ്യത. പരിക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയ റൊമാരിയോ ഷെപ്പേർഡും ഓപ്പണറായി ഇറങ്ങുന്ന ജുവൽ ആൻഡ്രൂവും വെസ്റ്റ് ഇൻഡീസിന്റെ കരുത്താണ്. എന്നാൽ മഴ മത്സരത്തെ തടസ്സപ്പെടുത്താനുള്ള സാധ്യതയുണ്ട്. നാല് മത്സരങ്ങളിലായി ഇതുവരെ 98 സിക്സറുകൾ പിറന്നു.









0 comments