Deshabhimani

കാലവർഷത്തിന് ശേഷവും രക്ഷയില്ല; യമുനയുടെ 'വൃത്തിയുള്ള' ഭാഗത്തും കൂട്ടത്തോടെ ചത്തുപൊങ്ങി മത്സ്യങ്ങൾ

yamuna fish dead
വെബ് ഡെസ്ക്

Published on Oct 16, 2026, 03:02 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ വസീറാബാദിന് സമീപം യമുനാനദിയിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നു. കാലവർഷം കഴിഞ്ഞ് നദിയിൽ ആവശ്യത്തിന് വെള്ളവും തെളിഞ്ഞ നീരൊഴുക്കും പ്രതീക്ഷിക്കുന്ന സമയത്താണ് നദിയുടെ ഏറ്റവും വൃത്തിയുള്ള ഭാഗമെന്ന് കരുതപ്പെടുന്ന പല്ലയ്ക്കും വസീറാബാദിനും ഇടയിലുള്ള ബുരാരി ഭാഗത്ത് വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊന്തിയത്.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികളായ മീൻപിടുത്തക്കാർ പറഞ്ഞു. തുടർന്നാണ് മത്സ്യങ്ങൾ ചത്തുപൊന്തുന്നതും ഓക്സിജനായി നദിയുടെ ഉപരിതലത്തിൽ വായുവിൽ മുങ്ങിപ്പൊങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടത്. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുമ്പോഴാണ് ഇത്തരം സംഭവങ്ങൾ സാധാരണയായി ഉണ്ടാകാറുള്ളതെങ്കിൽ, കാലവർഷത്തിന് തൊട്ടുപിന്നാലെ ഇത് സംഭവിച്ചത് മലിനീകരണത്തിന്റെ വ്യാപ്തി വർധിച്ചെന്ന സൂചനയാണ് നൽകുന്നത്.


സംഭവത്തിൽ ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിക്ക് (ഡിപിസിസി) പരിസ്ഥിതി സംഘടനയായ 'എർത്ത് വാരിയർ' കത്തയച്ചു. ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും ജലത്തിലെ ഓക്സിജന്റെ അളവ്, രാസമാലിന്യങ്ങൾ, ഹെവി മെറ്റലുകൾ എന്നിവ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വസീറാബാദ് ബാരേജിന് മുകളിലാണ് ബുരാരി സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, ഈ വിഷലിപ്തമായ അവസ്ഥ ഡൽഹിയിലെ കുടിവെള്ള സ്രോതസ്സിനെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.


ഡൽഹിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന സ്രോതസ്സുകളിൽ ഒന്ന് കൂടിയായതിനാൽ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഹരിയാനയിലെ പാനിപ്പത്തിലുള്ള ഡ്രെയിൻ 2, ധനൗറ ഡ്രെയിൻ എന്നിവയിൽ നിന്നുള്ള സംസ്‌കരിക്കാത്ത മാലിന്യങ്ങളും ഇൻഡസ്ട്രിയൽ വേസ്റ്റുകളുമാകാം മലിനീകരണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറിലെ പരിശോധനയിലും യമുനയിൽ മലിനീകരണ തോത് വളരെ ഉയർന്ന നിലയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home