ad
Deshabhimani

എറണാകുളം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്‌ വൻ തിരിച്ചടി; കടമക്കുടി ഡിവിഷനിലെ എൽസി ജോർജിന്റെ പത്രിക തള്ളി

elsi george2
വെബ് ഡെസ്ക്

Published on Nov 22, 2025, 06:09 PM | 1 min read

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ വൻ തിരിച്ചടി. കടമക്കുടി ഡിവിഷൻ യുഡിഎഫ്‌ സ്ഥാനാർഥിയും നിലവിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ അഡ്വ. എൽസി ജോർജിന്റെ പത്രികയാണ്‌ ശനിയാഴ്‌ച സൂക്ഷ്‌മപരിശോധനയിൽ തള്ളിയത്‌. സ്ഥാനാർഥിയെ പിന്തുണച്ചയാൾ ഡിവിഷന്‌ പുറത്തുള്ള വോട്ടറായതിനാലാണ്‌ പത്രിക തള്ളിയത്‌. ഇവിടെ ഡമ്മി സ്ഥാനാർഥിയെ നിറുത്താത്തത്‌ യുഡിഎഫിന്‌ ഇരുട്ടടിയായി. കടമക്കുടി പഞ്ചായത്ത്‌ പ്രസിഡന്റായ മേരി വിൻസന്റാണ്‌ ഇവിടെ എൽഡിഎഫ്‌ സ്ഥാനാർഥി.


കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകൾ മുഴുവനും മുളവുകാട്‌ പഞ്ചായത്തിലെ പൊന്നാരിമംഗലം, ഏഴിക്കര പഞ്ചായത്തിലെ ചാത്തനാട്‌ എന്നിവയും ചേർന്നതാണ്‌ കടമക്കുടി ജില്ലാപഞ്ചായത്ത്‌ ഡിവിഷൻ. മുളവുകാട്‌ പഞ്ചായത്തിലെ ആറ്‌ മുതൽ പന്ത്രണ്ട്‌ വാർഡുകളാണ്‌ കടമക്കുടി ഡിവിഷനിൽ വരുന്നത്‌. എന്നാൽ, പിന്തുണച്ചയാൾ മുളവുകാട്‌ പഞ്ചായത്ത്‌ 13ാം വാർഡിലെ വോട്ടറാണ്‌. ഇ‍ൗ വാർഡ്‌ വൈപ്പിൻ ഡിവിഷനിലാണ്‌ വരുന്നത്‌.


ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകളും തള്ളി. ഒന്നാം ഡിവിഷനായ മനയ്ക്കപ്പടിയിൽ സെറീന ഷാജിയുടെയും 11-ാം ഡിവിഷനായ വരാപ്പുഴയിൽ ജോൺസൺ പുനത്തിലിന്റെയും പത്രികകളാണ് തള്ളിയത്. ഖാദി ബോർഡിലെ ജീവനക്കാരിയാണ് സെറീന ഷാജി. ഈ വിവരം സെറീന ഷാജി പത്രികയിൽ രേഖപ്പെടുത്തിയിരുന്നു. ഇത് മത്സരിക്കാനുള്ള അയോഗ്യതയായി കണ്ടാണ് പത്രിക നിരസിച്ചത്. അഡ്വ. നമിത ജോസാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.


നിലവിൽ വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ജോൺസൺ പുനത്തിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ വിവരം നാമനിർദ്ദേശ പത്രികയിൽ മറച്ചുവച്ചു. ഈ വിധിക്കെതിരെ മറ്റ് സ്റ്റേകളൊന്നും ഇല്ലാത്തതും പത്രിക നിരസിക്കാൻ കാരണമായി. മിഥുൻ ജോസഫാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. രണ്ടിടത്തും ഡമ്മികളെ നിർത്താതിരുന്നതും കോൺഗ്രസിന് തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home