ad
Deshabhimani

അവരൊന്നിച്ചെത്തി
 അതിജീവന ബൂത്തിൽ ; ദുരന്തബാധിതർ പ്രത്യേക ബസുകളിൽ ചൂരൽമലയിൽ

Local Body Election chooralmala wayanad

ചൂരൽമലയിൽ വോട്ടുചെയ്യാനെത്തിയ കോട്ടുവാറിൽ പ്രസന്നയും പുഞ്ചിരിമട്ടത്തെ അയൽവാസികളായിരുന്ന 
കോടശേരി അബ്‌ദുവും ആയിഷയും പോളിങ് ബൂത്തിനുമുന്നിൽ കണ്ടുമുട്ടിയപ്പോൾ ഫോട്ടോ: ബിനുരാജ്‌

avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Dec 12, 2025, 03:00 AM | 1 min read


ചൂരൽമല

പുഞ്ചിരിമട്ടത്ത്‌ അയൽവാസികളായിരുന്ന കോടശ്ശേരി അബ്‌ദുവിനെയും ആയിഷയെയും കണ്ടപ്പോൾ കൽപ്പറ്റയിൽനിന്ന്‌ എത്തിയ വോട്ടുവണ്ടിയിൽനിന്ന്‌ ഓടിയിറങ്ങുകയായിരുന്നു പ്രസന്ന. ഉരുൾപെയ്‌തിറങ്ങി ചൂരൽമലയിൽനിന്ന്‌ മടങ്ങിയശേഷം ആദ്യമായാണ്‌ കോട്ടുവാറിൽ പ്രസന്നയും കുടുംബവും സ്വന്തം മണ്ണിൽ തിരിച്ചെത്തിയത്‌. മാസങ്ങൾക്കുശേഷം പഴയ അയൽവാസികളെ കണ്ട സന്തോഷത്തിൽ പരസ്‌പരം വാരിപ്പുണർന്നു. ചൂരൽമല മദ്രസാഹാളിൽ ഒരുക്കിയ ബൂത്തിൽ വോട്ടുചെയ്യാനെത്തിയവരാണിവർ.


സ്വന്തം മകളെപോലെയാണ്‌ ദമ്പതികളായ അബ്‌ദുവിനും ആയിഷയ്‌ക്കും പ്രസന്ന. കാലങ്ങൾക്കുശേഷം കണ്ടപ്പോൾ എന്തിനെന്ന്‌ അറിയാതെ ഇരുവരും പൊട്ടിക്കരഞ്ഞുപോയി. ‘സങ്കടപ്പെടാൻ ഒന്നുമില്ല. നമുക്കുള്ള വീട്‌ ഒരുങ്ങുന്നുണ്ട്‌. ഇത്രകാലം നമ്മളെ ചേർത്തുനിർത്തിയില്ലെ. സർക്കാർ വീണ്ടും നമ്മളെ ഒന്നിപ്പിക്കും’– ആയിഷയുടെ കണ്ണീർ മായ്‌ച്ച്‌ മുണ്ടക്കൈയിലെ കോൺഗ്രസ്‌ പ്രവർത്തക കൂടിയായിരുന്ന പ്രസന്ന പറഞ്ഞു.


‘പുഞ്ചിരിമട്ടത്ത്‌ ഒരു കുടുംബംപോലെ കഴിഞ്ഞവരാണ്‌. ഉരുൾപൊട്ടലിനുശേഷം പലദിക്കിലായി. ഉറ്റവരുടെ നഷ്ടം ഒന്നിച്ചിരിക്കുമ്പോൾ ഞങ്ങളെ വേട്ടയാടുന്നില്ല. വോട്ടുചെയ്യാനെത്തിയപ്പോൾ പഴയനാട്ടുകാരെയെല്ലാം കണ്ടു. സർക്കാർ ഒരുക്കുന്ന ട‍ൗൺഷിപ്പിൽ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ’– പ്രസന്നയുടെ മിഴികൾ കണ്ണീർ തൂകിയെങ്കിലും വാക്കുകളിൽ ആശ്വാസവും ആഹ്ലാദവുമായിരുന്നു. അനിയത്തി പ്രമോദിനിയും ഭർത്താവ്‌ ശിവനും അവരുടെ മകൾ ജിജിനയും ഉൾപ്പെടെ മൂന്നു പേരാണ്‌ ദുരന്തത്തിൽ പ്രസന്നയ്‌ക്ക്‌ നഷ്ടമായത്‌.


പലതവണ ഒന്നിച്ചു വോട്ടുചെയ്‌ത പലരും കൂടെയില്ലാതെയാണ്‌ ഭൂരിഭാഗം നാട്ടുകാരും സമ്മതിദാനാവകാശം നിർവഹിക്കാനെത്തിയത്‌. ഉരുൾപൊട്ടി തകർന്ന മുണ്ടക്കൈ വാർഡ്‌ ഇല്ലാതെയായിരുന്നു ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ്‌. മേപ്പാടി പഞ്ചായത്തിലെ 11–ാം വാർഡായിരുന്നു മുണ്ടക്കൈ. വാർഡ്‌ പുനർവിഭജനത്തിൽ 12–ാം വാർഡായ ചൂരൽമലയുമായി കൂട്ടിച്ചേർത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സർക്കാർ നൽകിയ വാടകവീടുകളിൽ കഴിയുന്ന കുടുംബങ്ങളെ 14 പ്രത്യേക കെഎസ്ആർടിസി ബസ്‌ സർവീസ്‌ ഒരുക്കിയാണ്‌ വോട്ടുചെയ്യാനായി എത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home