print edition പത്രിക നൽകാനും പിന്തുണയ്‌ക്കാനും ആളില്ല ; പഴി സിപിഐ എമ്മിന്

കണ്ണൂർ
ചില തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ജാള്യം മറയ്‌ക്കാൻ വ്യാജവാർത്തകളുമായി യുഡിഎഫ് മാധ്യമങ്ങൾ. കണ്ണൂർ ഡിസിസി ഓഫീസിലിരുന്ന് നേതാക്കൾ കൊടുക്കുന്ന വ്യാജ വിവരങ്ങൾ പ്രാഥമികാന്വേഷണംപോലുമില്ലാതെ ‘ബ്രേക്കിങ് ന്യൂസ്’ ആക്കുകയാണ്.
കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെയും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലും കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലും ചില വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചതാണ് ഇൗ മാധ്യമങ്ങളെ വിറളി പിടിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി, ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറി എന്നിങ്ങനെ വസ്തുതാവിരുദ്ധമായ യുഡിഎഫ് ആരോപണങ്ങൾ അതേപടി വാർത്തയാക്കുകയാണ്. സ്ഥലത്തുചെന്ന് അന്വേഷിച്ചാൽ സത്യം വ്യക്തമാകുമെന്നിരിക്കെ, അതിനു തയ്യാറാകാതെയാണ് വ്യാജ വാർത്താനിർമിതി.
മലപ്പട്ടത്ത് അടുവാപ്പുറം നോർത്ത്, സൗത്ത് വാർഡുകളിലും കൊവുന്തലയിലുമാണ് ഇത്തവണ സിപിഐ എം സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്. അടുവാപ്പുറം നോർത്തിലും കൊവുന്തലയിലും 2020ലെ തെരഞ്ഞെടുപ്പിലും എതിരുണ്ടായില്ല. 2015ൽ ഇൗ മൂന്നു വാർഡിലും വൻ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. ഇതിനാൽ യുഡിഎഫും ബിജെപിയും രംഗത്ത് വരുന്നില്ല എന്നതാണ് യാഥാർഥ്യം. സ്ഥാനാർഥികളെ സംഘടിപ്പിച്ചാൽതന്നെ പിന്തുണയ്‌ക്കാൻ ആളെക്കിട്ടില്ല. ആരുടെയെങ്കിലും വ്യാജ ഒപ്പിട്ട് പത്രിക നൽകും. നേരിട്ട് ഹാജരാകാൻ പറയുന്പോൾമാത്രമാണ് ‘പിന്തുണക്കാർ’പോലും സംഭവം അറിയുന്നത്.
ആന്തൂർ നഗരസഭയിലെ അഞ്ചാംപീടിക വാർഡിലെ സ്ഥാനാർഥിയെന്ന് യുഡിഎഫുകാർ അവകാശപ്പെട്ട വെള്ളിക്കീലിലെ എൻ ലിവ്യ നഗരസഭാ ഓഫീസിൽ നേരിട്ടെത്തി മത്സരിക്കാനില്ലെന്ന് അറിയിച്ചു. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി എന്നൊക്കെ ചാനലുകൾ ബ്രേക്കിങ് കാണിക്കുന്ന സമയത്താണിത്. ഇതോടെ, ലിവ്യയുടെ വീട്ടിൽ തളിപ്പറന്പ് പൊലീസ് എത്തി. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പത്രിക പിൻവലിച്ചുവെന്നുമാണ് ലിവ്യ മൊഴിനൽകിയത്. ഇവിടെ 2015ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ മോഹനൻ കുന്നിലിന് 509 വോട്ട് ലഭിച്ചപ്പോൾ, യുഡിഎഫിലെ ബി കബീറിന് കിട്ടിയത് 62 വോട്ടുമാത്രം.
2015ൽ മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോർത്തിൽ എൽഡിഎഫിലെ കെ മുകുന്ദൻ 390 വോട്ടുനേടി ജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയത് 99 വോട്ടുമാത്രം. അടുവാപ്പുറം സൗത്തിൽ എൽഡിഎഫിലെ ടി പി സുലോചന 346 വോട്ട് നേടിയപ്പോൾ യുഡിഎഫിലെ എൻ ഉഷാമണിക്ക് നേടാനായത് 123 വോട്ടാണ്. കൊവുന്തല വാർഡിൽ കെ വി സുരേന്ദ്രൻ(എൽഡിഎഫ്) –289, എൻ കെ നാരായണൻ (യുഡിഎഫ്)–115 എന്നിങ്ങനെയാണ് വോട്ടുനില. 2020ൽ അടുവാപ്പുറം സൗത്ത് വാർഡിൽ എൽഡിഎഫിലെ ഇ ചന്ദ്രൻ 391 വേട്ട് നേടിയപ്പോൾ യുഡിഎഫിലെ മോഹനന് കിട്ടിയത്109 വോട്ട് മാത്രം.










0 comments