ad
Deshabhimani

വിവാദങ്ങളുടെ 'ചുരുളി'യിൽ; പ്രതിഫലം നൽകിയിരുന്നുവെന്ന് ലിജോ: എ​ഗ്രിമെന്റ് പുറത്തുവിടണമെന്ന് ജോജു

lijo joju george
വെബ് ഡെസ്ക്

Published on Jun 26, 2025, 03:12 PM | 2 min read


കൊച്ചി: ചുരുളി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും നടൻ ജോജു ജോർജും. അടുത്തിടെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സിനിമയുമായി ബന്ധപ്പെട്ട് ജോജു ജോർജ് നടത്തിയ ചില പരാമർശങ്ങളിൽ നിന്നാണ് വിവാദങ്ങൾ കത്തിപ്പടർന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രത്തിലെ അസഭ്യ വാക്കുകൾ പറയുന്നതായി ചിത്രീകരിച്ച രം​ഗം പുറത്തുവിട്ടതെന്നും, ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്നുമായിരുന്നു ജോജുവിന്റെ പ്രസ്താവന.


എന്നാൽ എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും സിനിമ ചിത്രീകരണ വേളയിൽ ആരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ലെന്നുമാണ് വിവാദങ്ങളോട് ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചത്. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ, ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ലിജോ ഫേസ്ബുക്കിൽ പങ്കുവച്ച പോസിറ്റിൽ കുറിച്ചു. ചിത്രത്തിൽ മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ 5,90,000 രൂപ നൽകിയെന്ന് കാണിക്കുന്ന രസീതും ലിജോ ഫേസ് ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.




പിന്നാലെ ലിജോ ജോസ് പെല്ലിശേരിക്ക് മറുപടിയുമായി ജോജു ജോർജ് രം​ഗത്തെത്തി. "ലിജോ എന്ന സുഹൃത്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന ആ​ഗ്രഹത്തിലാണ് ചുരുളിയിൽ അഭിനയിച്ചത്. ചുരുളി ഫെസ്റ്റിവലിനുവേണ്ടി ഉണ്ടാക്കിയ സിനിമയാണെന്നാണ് പറഞ്ഞത്. തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചർച്ചയുമുണ്ടായിരുന്നില്ല. ഫെസ്റ്റിവലിന് അയക്കുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞതുകൊണ്ടാണ് അത്രയും സ്വാതന്ത്ര്യത്തിൽ ആ കഥാപാത്രം ചെയ്തത്. യഥാർത്ഥ ജീവിതത്തിലും തെറി പറയുന്നയാളാണ് ഞാൻ. തെറി എന്നത് പൊതു സമൂഹത്തിലുള്ള കാര്യമാണ്.


ഐഎഫ്എഫ്കെയിൽ തെറിയില്ലാത്ത പതിപ്പാണ് പ്രദർശിപ്പിച്ചത്. സിനിമയുടെ തെറിയില്ലാത്ത പതിപ്പിനായി ലിജോ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിരുന്നു. പക്ഷേ പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള പതിപ്പ് അവർ ഒടിടിക്ക് വിറ്റു. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ആ സിനിമ പുറത്തിറങ്ങുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന സമയത്താണ് സിനിമ ഒടിടിയിൽ വരുന്നത്. ആ സിനിമ മാർക്കറ്റ് ചെയ്തത് എന്റെ തെറിവച്ചിട്ടാണ്. ആ സിനിമ വിറ്റുപോയപ്പോൾ ഇതുമായി ബന്ധപ്പെട്ടയാളുകളെ ‍ഞാൻ വിളിച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യം ചോദിച്ചു എന്നത് സത്യമാണ്. തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നു.


ഈ നിമിഷംവരെ എനിക്കുണ്ടായ പ്രയാസങ്ങളെക്കുറിച്ച് ഒരാളും അന്വേഷിച്ചിട്ടില്ല. എന്റെ മക്കൾ പുതിയൊരു സ്കൂളിലേക്ക് മാറി. അപ്പോൾ ആദ്യം പരിചയപ്പെട്ട ഒരു കുട്ടി അവൾക്ക് ചുരുളിയിലെ സീനുകൾ വച്ചുള്ള ഒരു ട്രോൾ കാണിച്ചുകൊടുത്തു. അതിൽ മുഴുവൻ എന്റെ തെറിയായിരുന്നു. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നു എന്ന് എന്റെ മകൾ എന്നോട് വന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇത്രയും കാലങ്ങൾക്കുശേഷം നൽകിയ ഒരു അഭിമുഖത്തിൽ ഇക്കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞത്.


ഇങ്ങനെ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയുമായിരുന്നെങ്കിൽ ചുരുളിയിൽ ഞാൻ അഭിനയിക്കില്ലായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് വന്ന് അഭിനയിച്ചോളാം എന്ന് പറഞ്ഞുകൊണ്ടുള്ള എ​ഗ്രിമെന്റ് ഉണ്ടാവുമല്ലോ അവരുടെ കയ്യിൽ. ഈ തുണ്ടുകടലാസിനൊപ്പം ആ കരാറുംകൂടി പുറത്തുവിടണം" എന്നും ജോജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home