ad
Deshabhimani

ജനശതാബ്ദിക്കും പരശ്ശുരാമിനും പിന്നാലെ കൂടുതൽ ട്രെയിനുകൾ

എൽഎച്ച്ബി സീറ്റുകൾക്കെതിരെ വിമർശനം; നടുവും കഴുത്തും വേദനിക്കുന്നതായി യാത്രക്കാരുടെ പരാതി

special train
വെബ് ഡെസ്ക്

Published on Sep 19, 2026, 09:10 PM | 1 min read

നിലമ്പൂർ: യാത്രാസൗകര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എൽഎച്ച്ബി കോച്ചുകളിലേക്ക് ട്രെയിനുകൾ മാറ്റുമ്പോഴും സീറ്റുകളുടെ രൂപകൽപന യാത്രക്കാരുടെ ദുരിതം കൂട്ടുന്നതായി വിമർശനം. ജനശതാബ്ദി എക്സ്പ്രസിലെ പുതിയ എൽഎച്ച്ബി സീറ്റുകൾക്കെതിരെ പരാതി ഉയർന്നതിന് പിന്നാലെ, പരശ്ശുരാം ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ എൽഎച്ച്ബിയിലേക്ക് മാറാനിരിക്കെ സീറ്റ് സൗകര്യത്തിൽ റെയിൽവേ കൂടുതൽ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമായി.


ജനശതാബ്ദിയിലെ പുതിയ രണ്ടാം ക്ലാസ് സീറ്റുകൾ ഏകദേശം 90 ഡിഗ്രിയിൽ നിവർന്ന നിലയിലാണെന്നാണ് യാത്രക്കാരുടെ പരാതി. പിന്നിലേക്ക് ചായാൻ കഴിയാത്തതിനാൽ മണിക്കൂറുകളോളം ഇരിക്കുമ്പോൾ നടുവിനും കഴുത്തിനും വേദന അനുഭവപ്പെടുന്നതായും യാത്രക്കാർ പറയുന്നു. പഴയ ഐസിഎഫ് കോച്ചുകളിലെ സീറ്റുകൾക്ക് പിന്നിലേക്ക് ചായാനുള്ള സൗകര്യവും കൂടുതൽ കുഷ്യനിങ്ങും ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


സൗകര്യം കുറഞ്ഞെന്ന് പരാതി


പുതിയ എൽഎച്ച്ബി സീറ്റുകളിൽ കുഷ്യനിങ് കുറവാണെന്നും സീറ്റുകൾക്കിടയിലെ കൈവയ്ക്കാനുള്ള സൗകര്യം പരിമിതമാണെന്നും പരാതിയുണ്ട്. സീറ്റുകളുടെ രൂപകൽപന മെമു ട്രെയിനുകളിലേതിന് സമാനമാണെന്ന വിമർശനവും ഉയരുന്നു. ദീർഘദൂര സർവീസുകളിൽ മണിക്കൂറുകളോളം ഇരിക്കേണ്ട യാത്രക്കാർക്ക് ഇത്തരം സീറ്റുകൾ വലിയ അസൗകര്യമാകുമെന്നാണ് പരാതി.


പുഷ്ബാക്ക് സംവിധാനത്തിൽ തകരാറുകൾ പതിവായതും അറ്റകുറ്റപ്പണി ചെലവ് കൂടുതലായതുമാണ് പഴയ സീറ്റുകൾ ഒഴിവാക്കാനുള്ള കാരണമായി റെയിൽവേ പറയുന്നത്. എന്നാൽ പരിപാലനച്ചെലവ് കുറയ്ക്കുന്നതിന്റെ പേരിൽ യാത്രക്കാരുടെ ഇരിപ്പിട സൗകര്യം കുറയ്ക്കരുതെന്നാണ് വിമർശനം.


കൂടുതൽ ട്രെയിനുകൾ എൽഎച്ച്ബിയിലേക്ക്


ജനശതാബ്ദിയിൽ ഉയർന്ന സീറ്റ് പരാതികൾ പരിഹരിക്കാതെയാണ് കൂടുതൽ ട്രെയിനുകൾ എൽഎച്ച്ബിയിലേക്ക് മാറ്റുന്നതെങ്കിൽ സമാന പ്രശ്നങ്ങൾ വ്യാപകമാകുമെന്നാണ് യാത്രക്കാരുടെ ആശങ്ക. ദീർഘദൂര ട്രെയിനുകളിൽ പിന്നിലേക്ക് ചായാനുള്ള സൗകര്യവും മതിയായ കുഷ്യനിങ്ങും ഉറപ്പാക്കിയ സീറ്റുകൾ വേണമെന്നാണ് ആവശ്യം.


ജനശതാബ്ദിയിലെ സീറ്റ് പരാതികൾ റെയിൽ മദദ് വഴി അറിയിച്ചപ്പോൾ അടുത്ത റിഫർബിഷ്മെന്റ് സമയത്ത് പരിഹരിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് യാത്രക്കാരുടെ പറയുന്നത്. പുതിയ എൽഎച്ച്ബി കോച്ചുകൾ കൂടുതൽ സർവീസുകളിൽ ഏർപ്പെടുത്തുന്നതിന് മുമ്പ് നിലവിലെ സീറ്റ് രൂപകൽപനയിലെ പോരായ്മകൾ പരിഹരിക്കണമെന്നാണ് ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home