ലൈഫ് പദ്ധതിക്ക് നിതി ആയോഗിന്റെ അംഗീകാരം
print edition ലൈഫ് പദ്ധതി ; ഫെബ്രുവരിയോടെ 5 ലക്ഷം വീടുകൾ

തൃശൂർ
ഭവനനിർമാണരംഗത്തെ ‘ബെസ്റ്റ് പ്രാക്‌ടീസ്’ആയി ലൈഫ് പദ്ധതിയെ നിതി ആയോഗ് തിരഞ്ഞെടുത്തതായി മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2015ന് ശേഷമുള്ള രാജ്യത്തെ പിഎംഎവൈ നടത്തിപ്പിനെക്കുറിച്ചുള്ള കേന്ദ്രഭവന–നഗരകാര്യ മന്ത്രാലയം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇന്ത്യയിൽ സാധാരണക്കാരന് താങ്ങാവുന്നതും ഏറ്റവുമധികം തുക നൽകുന്നതുമായ ഭവനപദ്ധതിയാണ് ലൈഫ്. സമൂഹശാക്തീകരണവും സുസ്ഥിരനഗരവികസനവും ലൈഫ് മിഷനിലൂടെ സാധ്യമായെന്നും പദ്ധതി ഭവനനിർമാണത്തെ ഉപജീവനമാർഗവുമായി സംയോജിപ്പിച്ചന്നും നിതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരിയോടെ ലൈഫ് വീടുകളുടെ എണ്ണം അഞ്ചുലക്ഷം എന്ന നാഴികക്കല്ല് പിന്നിടും. ഇത് വിപുലമായി ആഘോഷിക്കും. ഇതുവരെ 6,00,574 വീടുകൾക്ക് കരാറായി. ഇതിൽ 4,76,076 വീടുകൾ പൂർത്തിയായി. 1,24,471 എണ്ണത്തിന്റെ നിർമാണം നടക്കുന്നു. ഫെബ്രുവരിയോടെ 25,000 വീടുകൾകൂടി പൂർത്തിയാകും. ഒരു ഭവനപദ്ധതിയുടെ ഭാഗമായി അഞ്ചുലക്ഷത്തിലധികം വീട് നിർമിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഭവനപദ്ധതിക്ക് ഏറ്റവും ഉയർന്ന തുക നൽകുന്നത് ലൈഫിലാണ്, നാലുലക്ഷം രൂപ. പട്ടികവർഗ സങ്കേതങ്ങളിൽ ഇത് ആറ് ലക്ഷം.
പ്രതിപക്ഷനേതാവ് 30 സെക്കൻഡിൽ പറഞ്ഞ 300 വീടുകളുടെ കണക്ക് പോലെയല്ല ലൈഫ്. ഇൗ പദ്ധതിയാണ് യുഡിഎഫ് അധികാരത്തിൽ വന്നാൽ പിരിച്ചുവിടും എന്ന് പറഞ്ഞത്. ഇത് ഒരിക്കൽക്കൂടി അത് പറയാനുള്ള ധൈര്യം യുഡിഎഫിനുണ്ടോയെന്നും മന്ത്രി ചോദിച്ചു.










0 comments