ad
Deshabhimani

ഇത്‌ കനവ്‌ കണ്ടൊരു ലൈഫ്‌

LIFE TVM

തിരുവനന്തപുരം കാച്ചാണി അനിഴം വീട്ടിൽ കോമളകുമാരിയും സോമൻ നായരും പാലുകാച്ചാനുള്ള കലവുമായി. ഫോട്ടോ: നിലിയ വേണുഗോപാൽ

avatar
ബിജോ ടോമി

Published on Feb 24, 2026, 02:10 AM | 1 min read

തിരുവനന്തപുരം: ‘പാലുകാച്ചാനുള്ള കലത്തിന്‌ വലിപ്പം കുറച്ച്‌ കൂടിയോ’. കോമളകുമാരിക്ക്‌ സംശയം. ‘ഹേയ്‌, ഇത്‌ കൃത്യമാണ്‌’ ഭർത്താവ്‌ സോമൻനായരുടെ ഉറപ്പിൽ ആ സംശയത്തിന്‌ വിരാമം. അത്രമേൽ ആഗ്രഹിച്ചൊരു സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ ഇരുവരും. ഇനി മൺചുവരും ഷീറ്റും മേഞ്ഞ ഒറ്റമുറി വീട്ടിലെ പൊറുതിക്ക്‌ അവസാനം.


ചൊവ്വാഴ്‌ച തിരുവനന്തപുരം കാച്ചാണി അനിഴം വീട്ടിൽ കോമളകുമാരി (60)യും ഫോട്ടോ: നിലിയ വേണുഗോപാൽസോമൻനായരും (65) മകൻ അഖിലും പുതിയ വീടിന്റെ തണലിലേക്ക്‌ മാറും. പകൽ 11ന്‌ നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തും.


അടുപ്പിൽ പാൽ തിളച്ചു തൂകുമ്പോൾ സാധാരണക്കാരുടെ സ്വന്തം വീടെന്ന സ്വപ്നത്തെ അവകാശമായി കണ്ട ഇടതുപക്ഷ സർക്കാരിന്റെ സമാനതകളില്ലാത്ത വിളംബരത്തിന്‌ ലോകം സാക്ഷിയാകും. എൽഡിഎഫ്‌ സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫിൽ അഞ്ച്‌ ലക്ഷം വീടുകളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നു.


‘ലൈഫിന്റെ ലിസ്റ്റിൽ പേര്‌ വന്നപ്പോൾ മകന്‌ സ്വന്തമായി ഒരു മുറിയാകുമല്ലോ എന്നാണ്‌ കരുതിയത്‌. ചെറിയ ഒരു മുറി മാത്രമുള്ള കൂരയാണ്‌ ഉണ്ടായിരുന്നത്‌. ഒന്നു തുണി മാറണമെങ്കിൽ ബാക്കിയുള്ളവർ പുറത്തിറങ്ങി നിൽക്കണം. സ്വന്തമായി ഒരു മുറിയെന്ന ആഗ്രഹം മോന്റെ ഉള്ളിലുണ്ടായിരുന്നെന്ന്‌ എനിക്കറിയാം. എന്റെ അസുഖവും പണത്തിന്റെ ബുദ്ധിമുട്ടുമൊക്കെ അറിയാവുന്നതുകൊണ്ട്‌ അവൻ ഒരിക്കലും അത്‌ പ്രകടിപ്പിച്ചിട്ടില്ല.


ഇപ്പോൾ സർക്കാർ ഞങ്ങൾക്ക്‌ ഒരു വീട്‌ തന്നു. എത്രത്തോളം സന്തോഷമുണ്ടെന്ന്‌ പറയാൻ പറ്റുന്നില്ല’ – കോമളകുമാരിയുടെ കണ്ണുകളിൽ സന്തോഷം തുളുമ്പി. 14 വർഷം മുമ്പാണ്‌ കോമളകുമാരിക്ക്‌ അർബുദം സ്ഥിരീകരിക്കുന്നത്‌. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. എട്ടു വർഷം മരുന്നു കഴിച്ചു.


ഇപ്പോൾ അസുഖം ഭേദമായി. ചികിത്സക്കായി വലിയൊരു തുക ചിലവഴിക്കേണ്ടി വന്നു. മേസ്‌തിരിപണിക്കാരനായ സോമൻ നായരുടെ വരുമാനത്തിന്‌ ഒരു വീടിനു കൂടി മിച്ചം കാണാനുള്ള കനമില്ലായിരുന്നു. പുതുമണം നിറഞ്ഞ വീട്ടിൽ ഇനി സന്തോഷം മാത്രം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home