ad
Deshabhimani

59 ഓട്ടോറിക്ഷകളുടെ ലൈസൻസ് റദ്ദാക്കി

autorickshaws
വെബ് ഡെസ്ക്

Published on Oct 15, 2025, 06:08 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 59 ഓട്ടോറിക്ഷകളുടെ ലൈസൻസുകൾ സസ്പെൻ്റ് ചെയ്തു. ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശകാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായാണ് നടപടി. 44146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ നേതൃത്വത്തിലാണ് പ്രത്യേക എൻഫോഴ്സ്മെൻറ് നടപടികളും ബോധവൽക്കരണ ഡ്രൈവും നടത്തിയത്.


ഒക്ടോബർ ആറിന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന ഡ്രൈവിൽ ഓട്ടോറിക്ഷകൾ നടത്തുന്ന നിയമലംഘനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജൂൺ മുതൽ ആ​ഗസ്ത് വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷകൾ ഉൾപ്പട്ട 330 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 108 എണ്ണം കാൽനടയാത്രക്കാരെ ഇടിച്ചിട്ടതാണ്. ഓട്ടോറിക്ഷകൾ നിയന്ത്രണംവിട്ട 28 സംഭവങ്ങളും ഇതിൽ പെടുന്നു.


ഓട്ടോഡ്രൈവർമാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കൽ എന്നിവയ്ക്കെതിരെ കർശനമായ പരിശോധന പോലുള്ള എൻഫോഴ്സ്മെൻറ് നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവർമാരുടെ ലൈസൻസ്, വാഹന രേഖകൾ, ഫിറ്റനസ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.


സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർക്കിടയിൽ അവബോധ കാമ്പയിനുകൾ നടത്തി. പരിശോധനകൾ തുടർന്നും ഉണ്ടാവുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


അലക്ഷ്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു റിപ്പോർട്ട് ചെയ്യാവുന്നതാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home