ad
Deshabhimani

print edition കൊച്ചി –സേലം പാചകവാതക പൈപ്പ്‌ലൈനിൽ ചോർച്ച

gas leak kochi

പാലിയേക്കരയിൽ കൊച്ചി-–സേലം പാചകവാതക പൈപ്പ്‌ ലൈനിൽ ഉണ്ടായ ചോര്‍ച്ചയിലേക്ക് അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 19, 2026, 03:47 AM | 1 min read

പാലിയേക്കര: പാലിയേക്കര മണലിപ്പുഴയ്ക്ക് സമീപം കൊച്ചി- സേലം പാചകവാതക പൈപ്പ്‌ ലൈനിൽ ചോർച്ച. സമീപത്തെ വീട്ടുകാരെ ഒഴിപ്പിച്ച് റോഡ് അടച്ചു. ബുധൻ രാവിലെ ഒമ്പതരയോടെയാണ് ചോർച്ചയുണ്ടായത്‌. ബിപിസിഎൽ പെട്രോൾ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ ലൈൻ മാറി എട്ടുമീറ്റർ അപ്പുറത്തുള്ള കെഎസ്‌പിപിഎൽ കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനിൽ ദ്വാരമിട്ടതാണ് ചോർച്ചയ്ക്ക് കാരണം. ഗ്യാസ് പൈപ്പ്‌ ലൈൻ ഉദ്യോഗസ്ഥർ തെറ്റായി സ്ഥാനം അടയാളപ്പെടുത്തിയതാണ് കാരണമെന്ന് പറയുന്നു. വലിയതോതിൽ വാതക ചോർച്ചയുണ്ടായതോടെ ലൈനിന്റെ രണ്ടു വശത്തെയും വാൽവ് അടച്ചു.


അഗ്നിരക്ഷാസേന ചോർച്ചയിലേക്ക് വെള്ളം പമ്പ് ചെയ്താണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. ചോർച്ചയുള്ള ഭാഗത്തിന്റെ ഇരുവശങ്ങളിലുമായി 12 കിലോമീറ്റർ ദൂരം വാതക പൈപ്പിൽ വെള്ളം നിറച്ച ശേഷമേ ചോർച്ച പരിഹരിക്കാൻ കഴിയു. രാത്രിയിലും ചോർച്ച അടയ്‌ക്കാനുള്ള ശ്രമം തുടർന്നു. വീടുകളിലും സ്ഥാപനങ്ങളിലും തീയും വൈദ്യുതി ഉപകരണങ്ങളും ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ചോർച്ചയുണ്ടായ പ്രദേശത്ത്‌ വാതകത്തിന്റെ മണം അനുഭവപ്പെടുന്നുണ്ട്. ഗ്യാസ് ചോർച്ച തുടരുന്നതിനാൽ മണലി - മടവാക്കര റോഡിൽ ഗതാഗതം നിരോധിച്ചു. ഇതിനിടെ ഉച്ചയോടെ അരകിലോമീറ്റർ മാറി പാടത്ത്‌ മാലിന്യത്തിന്‌ തീപിടിച്ചത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാ സേന തീയണച്ചു. പ്രദേശത്ത്‌ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.


കെ കെ രാമചന്ദ്രൻ എംഎൽഎ, പഞ്ചായത്ത് അധികൃതർ, റവന്യു, അഗ്നിരക്ഷാ സേന, പൊലീസ്, പൈപ്പ് ലൈന്റെ ചുമതലയുള്ള കെഎസ്‌പിപിഎൽ, പെട്രോളിയം കമ്പനികളായ ബിപിസിഎൽ, ഐഒസിഎൽ അധികൃതരും സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണ വിധേയമെന്ന് അധികാരികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home