ഒരു ബോംബ് പൊട്ടുമെന്നല്ലേ പണ്ട് പറഞ്ഞത്, അതുപോലെയാകും ഈ നൂറുസീറ്റും: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ (File)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിലധികംനേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു ബോംബ് വരുന്നുണ്ടെന്ന് മുൻപ് സതീശൻ പറഞ്ഞിട്ട് ഇതുവരെ വന്ന് പൊട്ടിയില്ല. അതുപോലെതന്നെ ഈ നൂറുസീറ്റും പൊട്ടുമെന്ന് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തോടെ വിജയംനേടി ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു.
പുനർജനി കേസിൽ നിയമപരമായ കാര്യങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. കേസെടുത്ത് രാഷ്ട്രീയമായി വേട്ടയാടുക എന്നത് യുഡിഎഫിന്റെ രീതിയാണ്. മുൻപ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ലാവ്‍ലിൻ കേസ് സിബിഐക്ക് യുഡിഎഫ് വിട്ടതാണ്. ആന്റണി രാജുവിനെതിരായ കേസിലെ വിധി എൽഡിഎഫിന് ഒരു തിരിച്ചടിയുമല്ല. ആന്റണി രാജു എൽഡിഎഫിൽ വരുന്നതിനും നാല് പതിറ്റാണ്ടിലേറെ മുൻപ് ഉണ്ടായിരുന്ന കേസാണ്. വിധിയിൽ ആവശ്യമായ നിലപാടാണ് സ്വീകരിക്കുക. നേമത്ത് വി ശിവൻകുട്ടിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ തെറ്റാണെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments