ad
Deshabhimani

ജീവനക്കാരെ എക്കാലത്തും ചേർത്തുനിർത്തിയത് എൽഡിഎഫ് സർക്കാരുകൾ; യുഡിഎഫ് പറഞ്ഞുപറ്റിച്ചു

LDF Kerala secretariat
വെബ് ഡെസ്ക്

Published on Feb 23, 2026, 05:25 PM | 5 min read

തിരുവനന്തപുരം: എക്കാലത്തും സർക്കാർ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത് എൽഡിഎഫ് സർക്കാരുകളെന്ന് കണക്കുകൾ. ശമ്പള പരിഷ്കരണം നടപ്പാക്കിയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയും ഇടതുപക്ഷം ചേർത്തുനിർത്തിയപ്പോൾ, കപടവാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയായിരുന്നു യുഡിഎഫ്. കൂടാതെ, ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങേണ്ടിവന്നതും യുഡിഎഫ് സർക്കാരുകൾ ഭരിച്ചപ്പോഴായിരുന്നു.


എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഭരിച്ച 1968, 1988, 1997, 2019 എന്നീ വര്‍ഷങ്ങളിലെല്ലാം ശമ്പള പരിഷ്കരണം ഉറപ്പാക്കുന്നതിന് ജീവനക്കാര്‍ സമരം ചെയ്യേണ്ടിവന്നില്ല. പണിമുടക്കില്ലാതെത്തന്നെ ശമ്പള പരിഷ്കരണം ഉറപ്പാക്കി. ഇവയിലെല്ലാം മികച്ച ശമ്പള പരിഷ്കരണ ആനുകൂല്യങ്ങളാണ് ഉറപ്പാക്കിയത്. ജീവനക്കാര്‍ക്ക് ഒരു രൂപയുടെ ആനുകൂല്യംപോലും നഷ്ടപ്പെടാതെയാണ് അവ നടപ്പാക്കിയതും.


എല്ലാ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കുമിടയിലും സിവില്‍ സര്‍വീസിനെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് നിലവിലെ എൽഡിഎഫ് സര്‍ക്കാര്രും സ്വീകരിച്ചിട്ടുള്ളത്. മഹാപ്രളയവും തുടര്‍ന്നുവന്ന പേമാരിയും മണ്ണിടിച്ചിലും അതിന്റെ തുടര്‍ച്ചയായി എല്ലാവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും സ്തംഭിപ്പിച്ച കോവിഡ് മഹാമാരിയും കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക നിഷേധവുമൊക്കെ വലിയ വെല്ലുവിളി ഉയര്‍ത്തിയപ്പോഴും ജീവനക്കാരുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് 2016 മുതൽ അധികാരത്തിലുള്ള എൽഡിഎഫ് സര്‍ക്കാരും സ്വീകരിച്ചത്.


കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങളെല്ലാം ഉറപ്പാക്കാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. അഞ്ചുവര്‍ഷ തത്വം പാലിച്ചുകൊണ്ടുതന്നെ 2019 ജുലൈ 1 മുതല്‍ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കി. കേന്ദ്ര സര്‍വീസിലടക്കം പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പള പരിഷ്കരണമെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് കേരളത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണം ഉറപ്പാക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന ഘട്ടങ്ങളിലാണ് സമയബന്ധിതമായിത്തന്നെ ഇത്തരത്തില്‍ ശമ്പള പരിഷ്കരണം ഉറപ്പാക്കുന്നത്. അഞ്ചുവര്‍ഷ തത്വം നഷ്ടപ്പെടാതെ തന്നെ പന്ത്രണ്ടാം ശമ്പള പരിഷ്കരണവും നടപ്പിലാക്കുകയാണ് ഇപ്പോൾ.


ശമ്പള പരിഷ്കരണം: എൽഡിഎഫ്- യുഡിഎഫ് താരതമ്യം


ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ഇടതുപക്ഷ സര്‍ക്കാരുകളുടെ നിലപാടുകള്‍ 1967 മുതല്‍ പ്രകടമാണ്. 1967ല്‍ ചുമതലയേറ്റ ഇഎംഎസ് സര്‍ക്കാര്‍ പി കെ വേലായുധന്‍ ചെയര്‍‍മാനായ ശമ്പള കമീഷനെ നിയമിച്ചു. അതുവഴി 1968 ജുലൈ 1 മുതല്‍ പ്രാബല്യം നല്‍കി ശമ്പള പരിഷ്കരണം നടപ്പിലാക്കി. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടുത്ത ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. സേവന വേതന വ്യവസ്ഥകളുടെ സമഗ്ര പരിശോധന നടത്തുന്നതും, അഞ്ചുവര്‍ഷ തത്വ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് തുടക്കം കുറിക്കുന്നതും 1968 മുതല്‍ക്കാണ്.


1973 ജനുവരിയില്‍‍ ശമ്പള പരിഷ്കരണ നടപടികള്‍ക്ക് തുടക്കമിടുന്നതിനും ഇടക്കാല ആശ്വാസത്തിനും വേണ്ടി ജീവനക്കാര്‍ വലിയ പണിമുടക്കുതന്നെ നടത്തേണ്ടിവന്നു. 54 ദിവസം നീണ്ടുനിന്ന പണിമുടക്ക് ചരിത്രത്തിന്റെ ഭാഗമാണ്. വിലക്കയറ്റവും ജീവതചെലവിന്റെ വര്‍ദ്ധനവും നിമിത്തം ജിവിതം ദുസ്സഹമായ സാഹചര്യത്തില്‍, അഞ്ചുവര്‍ഷ തത്വം പാലിച്ച് 1973 ജുലൈ 1 മുതല്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നും, അതിന് മുന്നോടിയായി ഇടക്കാല ആശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന സമരം ഒത്തുതീര്‍പ്പ് ചര്‍ച്ച കൂടാതെത്തന്നെ പിന്‍വലിക്കപ്പെട്ടു. എങ്കിലും, അഞ്ചുവര്‍ഷം തത്വം പാലിച്ച് ശമ്പളം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.


മൂന്നാം ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ 17 ദിവസത്തെ പണിമുടക്ക് വേണ്ടിവന്നു. 1978 ജുലൈ 1 മുതല്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 1978 ജനുവരി 11 മുതലായിരുന്നു പണിമുടക്ക്. 1983 ജുലൈ 1 മുതല്‍ ശമ്പളം പരിഷ്കരിക്കുന്നതിന് മുന്നോടിയായി യുഡിഎഫ് സര്‍ക്കാര്‍ കമീഷനെ നിയോഗിച്ചു. എന്നാല്‍, ആ റിപ്പോര്‍ട്ട് വാങ്ങി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. 1984 ഫെബ്രുവരി 16 മുതല്‍ ആരംഭിച്ച 7 ദിവസത്തെ പണിമുടക്കും, 1985 ആഗസ്റ്റ് 7 ന് ആരംഭിച്ച 11 ദിവസത്തെ പണിമുടക്കുമാണ് അന്ന് ശമ്പള പരിഷ്കരണം സാധ്യമാക്കിയത്. അത് നടപ്പിലാക്കിയപ്പോള്‍ 21 മാസക്കാലത്തെ കുടിശിക അനുവദിച്ചിരുന്നില്ല. 1985 ഏപ്രിൽ 1 മുതല്‍ മാത്രമുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ് അനുവദിച്ചത്. 1993 ജുലൈ 1 മുതല്‍ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണം ഒഴിവാക്കാനായി 1992ല്‍ പേ ഇക്വലൈസേഷന്‍ നടപ്പാക്കി. ഇതിലൂടെ ജീവനക്കാര്‍ക്ക് കേന്ദ്ര പാരിറ്റിയുമില്ല, സംസ്ഥാന പാരിറ്റിയുമില്ല എന്ന സ്ഥിതിയായി.


യുഡിഎഫ് സർക്കാർ 2002 മാര്‍ച്ച് 1 മുതല്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനുമുമ്പ് ജനുവരി 16 ന്റെ ഉത്തരവിലൂടെ ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങളില്‍ വലിയ കുറവുവരുത്തി. ഒരു ലക്ഷം ജീവനക്കാര്‍ അധികമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവര്‍ ആരെല്ലാമെന്ന് കണ്ടെത്താന്‍ പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിനെ ചുമതലപ്പെടുത്തി. അധിക ജീവനക്കാര്‍ക്ക് 2002 മാര്‍ച്ച് 31നുശേഷം ശമ്പളം നല്‍കില്ലെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു, ലീവ് സറണ്ടര്‍ നിര്‍ത്തലാക്കി. ഭവന നിര്‍മാണ വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാക്കി, പ്രൊട്ടക്ടഡ് അധ്യാപകരുടെ ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കാനും, ലാഭകരമല്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാനും തീരുമാനിച്ചു. 2002 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് അടിസ്ഥാന ശമ്പളംമാത്രം നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. പലതരത്തില്‍ ഏതാണ്ട് 500 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ചു.


2002ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് : ‘സര്‍ക്കാര്‍ ജീവനക്കാര്‍ മുണ്ട് മുറുക്കിയുടുക്കണം. കേരള സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ല. പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാനാകുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വെട്ടിക്കുറച്ച് കര്‍ഷകര്‍ക്ക് നല്‍കണം’. അന്നത്തെ യുഡിഎഫ് നേതാക്കളും മന്ത്രിമാരുമായ ഉമ്മന്‍ചാണ്ടിയും, പി കെ കുഞ്ഞാലിക്കുട്ടിയുമെല്ലാം സര്‍ക്കാര്‍ നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രിയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു. ‘സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങി കഴിയുന്ന കാലം കഴിഞ്ഞു’ – ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് താല്‍കാലികമായല്ല. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളുടെ ഭാഗമാണ്’ – എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം.


പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ മുന്നില്‍നിന്നത് അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന പി സി വിഷ്ണുനാഥാണ്. ‘യൂത്ത് കോണ്‍ഗ്രസും യുവജന സംഘടനകളും യുവാക്കളും ഈ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. കാരണം, നമ്മുടെ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി നമുക്കെല്ലാം അറിയാവുന്നതാണല്ലോ. 23,536 കോടി രൂപ നമ്മുടെ പെന്‍ഷനും ശമ്പളത്തിനുംവേണ്ടി ചെലവാക്കിയപ്പോള്‍, 29,197 കോടി രൂപയായിരുന്നു ആകെ ഉണ്ടായിരുന്ന റവന്യൂ വരുമാനം. ആ റവന്യൂ വരുമാനത്തില്‍ 3,000 കോടി രൂപ പലിശച്ചെലവുകൂടി കഴിഞ്ഞാല്‍ വെറും 3,000 കോടി രൂപയാണ് അവശേഷിക്കുന്നത്. നമ്മുടെ പ്രതിശീര്‍ഷ കടം 18,000 രൂപയാണ്. ഇതിങ്ങനെ പോയാല്‍ ഒരു സുപ്രഭാതത്തില്‍ സ്റ്റ്യാറ്റൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കേണ്ടി വരും. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.’- എന്നായിരുന്നു ‘പങ്കാളിത്ത പെന്‍ഷന്‍: യഥാര്‍ത്ഥ ശത്രു ആര് ?’ എന്ന പേരില്‍ എഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിഷ്ണുനാഥ് ഉമ്മൻചാണ്ടി സർക്കാരിനെ ന്യായീകരിക്കാൻ വാദിച്ചത്. ഇങ്ങനെയൊക്കെ ന്യായീകരണങ്ങള്‍ ഉയര്‍ത്തിയെങ്കിലും ജീവനക്കാരുടെ 32 ദിവസത്തെ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി ആ തീരുമാനങ്ങളില്‍നിന്നെല്ലാം സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടിവന്നു.


ഉപേക്ഷിച്ച ആനുകൂല്യങ്ങള്‍ ഒന്നൊന്നായി പുനഃസ്ഥാപിച്ചു. എന്നാല്‍, 2005ല്‍ ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിയമിതമായ ശമ്പള പരിഷ്കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ പേരില്‍ ആനുകൂല്യങ്ങളില്‍ വീണ്ടും കൈവച്ചു. ശമ്പള പരിഷ്കരണത്തിലെ അഞ്ചുവര്‍ഷ തത്വം ഇല്ലാതാക്കി. 2004 ജുലൈ 1 മുതല്‍ മാത്രം നോഷണലായി അനുവദിച്ചു. സാമ്പത്തിക ആനുകൂല്യം 2005 ഏപ്രിൽ 1 മുതല്‍ മാത്രമാക്കി. 37 മാസത്തെ കുടിശിക അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. താഴെത്തട്ടിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവുണ്ടായില്ല. പത്താം ശമ്പള പരിഷ്കരണം യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത എല്ലാ സ്കെയിലുകളും വെട്ടിക്കുറച്ചു.


എല്‍ഡിഎഫ് സര്‍ക്കാരുകളും ശമ്പള പരിഷ്കരണവും


1968 ല്‍ ഒന്നാം ശമ്പള പരിഷ്കരണം അനുവദിക്കുമ്പോള്‍ത്തന്നെ അഞ്ചുവര്‍ഷ തത്വത്തിലുള്ള ശമ്പള പരിഷ്കരണം ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 1988ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജസ്റ്റീസ് ചന്ദ്രശേഖര മേനോന്‍ കമീഷനെ ശമ്പള പരിഷ്കരണ പഠനത്തിനായി നിയോഗിച്ചു. 1988 ജുലൈ 1 മുതല്‍ പ്രാബല്യത്തില്‍ അത് നടപ്പിലാക്കി. അതുവരെയുള്ള ചരിത്രത്തില്‍ ജീവനക്കാരുടെ പ്രക്ഷോഭമില്ലാതെ നടപ്പാക്കിയ ആദ്യ ശമ്പള പരിഷ്കരണമായിരുന്നു അത്. ഇതുവഴി ക്ഷാമബത്ത ലയിപ്പിച്ചതിന് ആനുപാതികമായി ഉയര്‍ന്ന ഇന്‍ക്രിമെന്റ് അനുവദിച്ചു. ക്ലാസ് 4 ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍വീസിനെക്കാള്‍ മെച്ചപ്പെട്ട സ്കെയില്‍ ഉറപ്പാക്കി. ആദ്യമായി മാസ്റ്റര്‍ സ്കെയില്‍ നടപ്പാക്കി. സമയബന്ധിത ഗ്രേഡുകള്‍ ഉദാരമാക്കി.


1997 മാര്‍ച്ച് 1ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷ തത്വം പുനഃസ്ഥാപിച്ച് മെച്ചപ്പെട്ട ആനുകൂല്യങ്ങളോടെ ശമ്പള പരിഷ്കരണം നടപ്പാക്കി. 2009 ജുലൈ 1 മുതല്‍ പ്രാബല്യത്തില്‍ ഒമ്പതാം ശമ്പള പരിഷ്കരണം നടപ്പാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും 2019 ജുലൈ 1 മുതല്‍ പ്രാബല്യത്തില്‍ ശമ്പള പരിഷ്കരണ ഉത്തരവിറക്കിയത് ഒന്നാം പിണറായി സര്‍ക്കാരാണ്. തുടര്‍ന്നുവന്ന രണ്ടാം പിണറായി സര്‍ക്കാര്‍ ആ ഉത്തരവിലെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കി. ശമ്പള പരിഷ്കരണത്തിലെ കുടിശിക പൂര്‍ണമായി അനുവദിച്ചു. പെന്‍ഷന്‍ പരിഷ്കരണ കുടിശിക പണമായി നല്‍കി.


എല്ലാ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും മുഴുവന്‍ ഡിഎയും ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ടുഘട്ടമായി 13 ശതമാനം ഡിഎയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ എല്ലാ ഡിഎ ഗഡുക്കളും ലഭ്യമാക്കി. ഇപ്പോള്‍ ഡിഎ 35 ശതമാനമാണ്.


ക്ഷാമബത്തയും അഞ്ചു വര്‍ഷതത്വം പാലിച്ചുള്ള ശമ്പള പരിഷ്കരണവും ജീവനക്കാരുടെ അവകാശമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നതാണ്. ആ വാഗ്ദാനങ്ങളെല്ലാം പാലിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home