print edition ഇടറില്ല, ശരിയാണ് പയ്യന്നൂർ

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റജാഥ പയ്യന്നൂരിലെത്തിയപ്പോൾ ജാഥാലീഡർ എം വി ഗോവിന്ദനെ രക്തസാക്ഷി ധനരാജിന്റെ ഭാര്യ എം വി സജിനി ഷാൾ അണിയിച്ച് സ്വീകരിക്കുന്നു
എൻ കെ സുജിലേഷ്
Published on Feb 03, 2026, 02:15 AM | 1 min read
പയ്യന്നൂർ
ഇതാണ് പയ്യന്നൂർ. സിപിഐ എമ്മിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ കള്ളകഥകൾ മെനഞ്ഞവർക്ക് മറുപടി പറഞ്ഞു, ഇൗ നാട്. കേട്ട കഥകൾപോലെയല്ല പയ്യന്നൂരിലെ ഇടതുപക്ഷ പ്രസ്ഥാനമെന്ന് ജനസഞ്ചയം വെളിപ്പെടുത്തി. വരാനിരിക്കുന്ന നുണകളുടെ പരമ്പരയെയും ചെറുക്കാനുള്ള വേരാഴമുണ്ട് പ്രസ്ഥാനത്തിനെന്ന് ഇൗ പോരാട്ടമണ്ണ് വിളിച്ചോതി.
പെരുംനുണകളുടെ കുത്തൊഴുക്കിനെ ജനശക്തിയുടെ അണകെട്ടി പ്രതിരോധിക്കുന്നതായി എൽഡിഎഫ് വികസ മുന്നേറ്റജാഥയ്‌ക്ക് നൽകിയ സ്വീകരണം. സിപിഐ എമ്മിന്റെ ഇടർച്ച പ്രതീക്ഷിച്ചവർക്ക് ചുട്ട മറുപടിയായി സമാനതയില്ലാത്ത ജനമുന്നേറ്റം. ഒരുകൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് പാർടിക്കെതിരെ കള്ളം പ്രചരിപ്പിച്ചവർ പയ്യന്നൂരിന്റെ പോരാട്ടവീര്യം കണ്ട് ജാള്യത്തിലായി.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഐ എമ്മിനെതിരെയും എംഎൽഎക്കെതിരെയും അപകീർത്തികരമായ നുണക്കഥകളുമായി ഇറങ്ങുകയായിരുന്നു, പാർടിയെ തിരുത്തിക്കാനെന്ന ലേബലിൽ ചിലർ. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പയ്യന്നൂർ മണ്ഡലത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ചർച്ചയാക്കാതിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കേരളത്തിലെതന്നെ പാർടിയുടെ പ്രധാന ശക്തികേന്ദ്രമായ പയ്യന്നൂരിനെ ദുർബലപ്പെടുത്താമെന്നും കരുതി. പഴകിപ്പുളിച്ച കഥകൾക്ക് പുതിയ ലേബലൊട്ടിച്ചത് മാധ്യമങ്ങൾക്ക് രണ്ടുദിവസത്തെ വിഭവവുമായി. കോൺഗ്രസിനും ബിജെപിക്കും ഏറ്റെടുക്കാൻ ഒരു വിഷയം നൽകുകകൂടിയായിരുന്നു.
വൈകാരികത ഇളക്കിവിടുന്നതിന് രക്തസാക്ഷി ഫണ്ടെന്ന തുറുപ്പുചീട്ടും ഇറക്കി. പാർടി ഒറ്റക്കെട്ടായി ജനങ്ങളിലേക്കിറങ്ങിയതോടെ ആരോപണങ്ങളെല്ലാം എട്ടുനിലയിൽ പൊട്ടി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചാനൽ തെരഞ്ഞെടുത്ത് നടത്തിയ വെളിപ്പെടുത്തലിനുപിന്നിലെ ആസൂത്രണം ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെട്ടതിന്റെ തെളിവാണ് വികസനമുന്നേറ്റ ജാഥയിൽ അണിനിരന്ന ജനസഞ്ചയം.
ജാഥാ സ്വീകരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിളിച്ചും ജനങ്ങൾ തള്ളിയ കള്ളക്കഥകൾ വീണ്ടും അവതരിപ്പിച്ചു. സ്വീകരണത്തിലെ ജനപങ്കാളിത്തം മറയ്‌ക്കാനാണ് ശ്രമിച്ചത്. നുണകളുടെ പേമാരിയെ തങ്ങളോരോരുത്തരുംചേർന്ന് ചിറകെട്ടിത്തടയുമെന്നാണ് പയ്യന്നൂരിൽ ജാഥയെ സ്വീകരിക്കാനെത്തിയ ജനസഞ്ചയം കേരളത്തോട് പറഞ്ഞത്.










0 comments