സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ മലപ്പുറത്തിന്റെ മണ്ണിൽ പ്രയാണം തുടരുന്പോൾ ഭൂമിക്ക് അവകാശികളായി മാറിയ നിരവധി പേരാണ് അഭിവാദ്യമേകാനെത്തിയത്.
print edition ഖൽബിലെത്തി... വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ മലപ്പുറത്തിന്റെ മണ്ണിൽ

ജിജോ ജോർജ്
Published on Feb 11, 2026, 02:46 AM | 1 min read
മലപ്പുറം
‘ഇരുമ്പനങ്ങാട്ട് പാറയിലായിരുന്നു ഞങ്ങളുടെ താമസം. പാറയുടെ ഭാഗമായതിനാൽ പട്ടയം ലഭിച്ചില്ല. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ഉൾപ്പെടെ അപേക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. എൽഡിഎഫ് സർക്കാർ വന്നപ്പോൾ സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി പട്ടയം നൽകി’– ഇത് രാജന്റെ വാക്കുകളായി മാത്രം ഒതുങ്ങുന്നില്ല.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ മലപ്പുറത്തിന്റെ മണ്ണിൽ പ്രയാണം തുടരുന്പോൾ ഭൂമിക്ക് അവകാശികളായി മാറിയ നിരവധി പേരാണ് അഭിവാദ്യമേകാനെത്തിയത്. ലൈഫിലൂടെ പുതുജീവൻ ലഭിച്ചവർ, എൽഡിഎഫ് സർക്കാരിന്റെ കരുതലും സ്നേഹവും അനുഭവിച്ചറിഞ്ഞവർ തുടങ്ങി എല്ലാവരും സ്നേഹവായ്‌പേകി ജാഥയെ വരവേൽക്കുന്നു.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ട സ്മരണകളുറങ്ങുന്ന കൊണ്ടോട്ടിയിൽനിന്നാണ് ചൊവ്വാഴ്‌ച ജാഥ ആരംഭിച്ചത്. ഏറനാട്ടിലെ അരീക്കോട്– എടവണ്ണ– കൊയിലാണ്ടി സംസ്ഥാന പാതയോരത്തായിരുന്നു സ്വീകരണം. ബാപ്പു സ്‌മാരക പഞ്ചായത്ത് സ്‌റ്റേഡിയത്തിന് നവകേരള സദസ്സിൽ രണ്ട് കോടി രൂപ അനുവദിച്ചതിൽ അഭിവാദ്യമർപ്പിച്ച് കുട്ടികൾ ഫുട്‌ബോൾ നൽകിയാണ് ജാഥാ ക്യാപ്‌റ്റനെ സ്വീകരിച്ചത്.
വികസനത്തിന്റെ മലകയറിയ തേക്കിന്റെ നാടായ നിലമ്പൂരിൽ ജനപ്രവാഹം. മലയോര ഹൈവേയും മാനവേദൻ സ്റ്റേഡിയവും ഉൾപ്പെടെ കാലംമാറ്റിയെഴുതിയ വികസന വഴികളിൽ അഭിവാദ്യമർപ്പിച്ച് നാടൊഴുകിയെത്തി. വണ്ടൂരിൽ നുണക്കോട്ടകൾ തകർത്ത ആവേശമായി.
പി സന്തോഷ് കുമാർ എംപി (സിപിഐ), കെ എസ് സലീഖ (സിപിഐ എം), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി എം സുരേഷ്ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ (ആർജെഡി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), വടകോട് മോനച്ചൻ (കേരള കോൺഗ്രസ് ബി), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), അഡ്വ. നൈസ് മാത്യു (കേരള കോൺഗ്രസ് സ്കറിയ) എന്നിവരാണ് ജാഥാ അംഗങ്ങൾ.










0 comments