print edition ‘ലൈഫ്’ സമ്മാനിച്ചവർക്ക് ഹൃദയാഭിവാദ്യം

എം എസ് അശോകൻ
Published on Feb 15, 2026, 02:50 AM | 2 min read
കൊച്ചി: കാക്കനാട് കീരേലിമലയിലെ സാധു കുടുംബങ്ങളുടെ പ്രതിനിധിയായാണ് മഞ്ജുവും മക്കളും വികസനമുന്നേറ്റ ജാഥയെ വരവേൽക്കാനെത്തിയത്. വർഷങ്ങളായി മണ്ണിടിച്ചിൽ ഭീഷണിയിലായിരുന്ന 13 കുടുംബങ്ങളുടെ ദുരവസ്ഥ പരിഹരിച്ചതിന്റെ നന്ദിയറിയിക്കാൻ. എൽഡിഎഫ് സർക്കാർ കാക്കനാട് പൊയ്യപ്പച്ചിറയിൽ സ്വന്തമായി മൂന്നുസെന്റ് സുരക്ഷിത ഭൂമി നൽകി, വീടിന് ലൈഫ് പദ്ധതിയിൽ നാലുലക്ഷം രൂപ വീതവും. യുഡിഎഫ് നഗരസഭയും എംഎൽഎയും അവഗണിച്ചപ്പോൾ, തങ്ങളുടെ തീരാദുരിതത്തിന് അറുതിവരുത്തിയ എൽഡിഎഫ് സർക്കാരിനോടല്ലാതെ മറ്റാരോട് കടപ്പെടാൻ.
കിടപ്പാടം കടലെടുത്തുപോകാതെ സർക്കാർ ഒരുക്കിയ ടെട്രാപോഡ് സുരക്ഷിതത്വത്തിൽനിന്നാണ് ചെല്ലാനത്തുകാർ തോപ്പുംപടിയിലെ സ്വീകരണകേന്ദ്രത്തിൽ എത്തിയത്. കൊച്ചി മണ്ഡലത്തിലെ തോപ്പുംപടിയിൽനിന്നാണ് ശനിയാഴ്‌ച പര്യടനം തുടങ്ങിയത്. തുടർന്ന് തൃപ്പൂണിത്തുറയിലെ കുണ്ടന്നൂരും കളമശേരിയിലെ പത്തടിപ്പാലത്തും ജാഥയെ വരവേറ്റു. കലൂർ സ്‌റ്റേഡിയത്തിലെ ജാഥാസമാപനത്തിന് എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ ആയിരങ്ങൾ സാക്ഷിയായി.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, കോൺഗ്രസ് എസ് സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്കറിയ പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരായിരുന്നു ജാഥയിലെ സ്ഥിരാംഗങ്ങൾ.
വിവാദങ്ങൾക്കൊപ്പമല്ല, ജനങ്ങൾ വികസനത്തിനൊപ്പം
കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനത്തിന് ഒപ്പമാണ് എൽഡിഎഫ് എന്ന് ജോസ് കെ മാണി എംപി. എൽഡിഎഫിനും സംസ്ഥാന സർക്കാരിനുമെതിരെ ‘കോമൺ പെയ്‌ഡ് പ്ലാറ്റ്‌ഫോം’ രൂപപ്പെടുത്തി പ്രതിപക്ഷം സൃഷ്ടിക്കുന്ന വിവാദങ്ങളൊന്നും ഏശുന്നില്ല. എൽഡിഎഫ് ജാഥകളിലെ ജനപങ്കാളിത്തം അതിന് തെളിവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് അനുകൂല ട്രെൻഡാണ് എല്ലായിടത്തും. പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിലെല്ലാം ജാഥയ്‌ക്ക് വൻ വരവേൽപ് ലഭിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചു.
കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരുപോലെ വികസനപദ്ധതികൾ നടപ്പാക്കിയതിന്റെ ഫലമാണത്. ഇതിനെയാകെ തമസ്‌കരിക്കാനാണ് ജാഥകൾ തുടങ്ങിയതുമുതൽ വലിയ വിവാദ കോലാഹലത്തിന് പ്രതിപക്ഷം ശ്രമിച്ചത്. ശബരിമല സ്വർണമോഷണത്തിൽ എസ്‌ഐടി അന്വേഷണത്തിന് എതിരെയായിരുന്നു ആദ്യം. എസ്‌ഐടി അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്‌തി രേഖപ്പെടുത്തിയതോടെ ആ നീക്കം പാളി. അയ്യപ്പസംഗമത്തെ വിവാദമാക്കാനും ശ്രമമുണ്ടായി.
ഒടുവിൽ കേരള കോൺഗ്രസ് എം മുന്നണിവിടുന്നു എന്നായി. ഒന്നിനുപിന്നാലെ ഒന്നായി വ്യാജ ആഖ്യാനങ്ങൾ കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല. പൊതുജനത്തിന് നാടിന്റെ വികസനത്തിലും മറ്റു പൊതുകാര്യങ്ങളിലുമാണ് താൽപ്പര്യമെന്നും ജോസ് കെ മാണി പറഞ്ഞു.










0 comments