ad
Deshabhimani

തുടരും 'വ്യവസായ സൗഹൃദ കേരളം'; ദീർഘവീക്ഷണ പദ്ധതികളുമായി പ്രകടന പത്രിക

startup

എഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 02, 2026, 03:20 PM | 2 min read

തിരുവനന്തപുരം: കേരളത്തിലെ വിവിധ മേഖലകളിൽ വികസനത്തിന്റെ പുതിയ പാത തുറന്ന പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ, അടുത്ത അഞ്ച് വർഷത്തേക്കുള്ള ​ദീർഘവീക്ഷണ പദ്ധതികളുമായാണ് എൽഡിഎഫ് സർക്കാരെത്തുന്നത്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പ് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് സംസ്ഥാനത്തെ വ്യവസായവകുപ്പിലാണ്. ഈ വികസനനേട്ടത്തിന് കൂടുതൽ ഊന്നൽ നൽകുന്ന വാ​ഗ്ദാനങ്ങളാണ് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പത്രികയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റാനാണ് സർക്കാരിന്റെ ലക്ഷ്യം.


വ്യവസായ സൗഹൃദ കേരളം

കേരളത്തെ വികസനത്തിന്റെ ഉന്നതിയിലെത്തിക്കുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ മുൻ​ഗണന നൽകുന്നു. ഇതിനായി പൊതുമേഖലയെ സംരക്ഷിച്ചുകാണ്ട് സ്വകാര്യ സംരംഭകങ്ങൾക്ക് അവസരം നൽകുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.


അഭ്യസ്തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ

കോളേജുകളിൽ സംരംഭകത്വ പ്രോത്സാഹനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഹാക്കത്താണുകളും ഇൻകുബേറ്ററുകളും സംഘടിപ്പിക്കുക, വിദ്യാർത്ഥി പ്രതിഭകളെ സർക്കാർ പ്രോജക്ടുകളിൽ പങ്കാളികളാക്കുന്നതിനും വിദ്യാലയങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുമായി പ്രത്യേക കമ്പനിക്ക് രൂപം നൽകുക, ഗ്ലോബൽ കേപ്പബിലിറ്റി കേന്ദ്രങ്ങളുടെ എണ്ണം 40 ൽ നിന്നും 120 ആയി വർദ്ധിപ്പിക്കുക, തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഇത്തരം പദ്ധതികളിലൂടെ രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് ഉയർന്ന നിലവാരമുള്ള ജോലി ലഭ്യമാക്കും. സ്റ്റാർട്ടപ്പ് വില്ലേജിന് പുറമെ കളമശ്ശേരിയിൽ പുതിയ 'ഇന്നൊവേഷൻ സോൺ' സ്ഥാപിക്കുമെന്നും പത്രികയിൽ പറയുന്നു.


വ്യവസായവൽക്കരണ കുതിപ്പ്

2015-16 ൽ സംസ്ഥാന വരുമാനത്തിൽ മാനുഫാക്ചറിംഗ് വ്യവസായത്തിന്റെ വിഹിതം10.14 ശതമാനമായിരുന്നു. 2024-25ൽ ഇത് 13 ശതമാനമായി ഉയർന്നു. 2031 ഓടെ വിഹിതം 16 ശതമാനമായി ഉയർത്തുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തിന് ചുറ്റുമുള്ള ഇൻഡസ്ട്രിയൽ ഇടനാഴിയും കൊല്ലം - പുനലൂർ ഇടനാഴിയും വികസിപ്പിക്കും. കൂടാതെ കൊച്ചിയുമായി ബന്ധിപ്പിച്ച് കോയമ്പത്തൂർ, മംഗലാപുരം ഇടനാഴികളും ചവറ - കൊച്ചി 'റെയർ എർത്ത്' ഇടനാഴിയും യാഥാർത്ഥ്യമാക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഡിഫൻസ് ക്ലസ്റ്റർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ബയോടെക് & ലൈഫ് സയൻസ് സിറ്റി തുടങ്ങി വിവിധ ജില്ലകളിലായി പ്രത്യേക വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിക്കും. കൂടാതെ എല്ലാ ജില്ലകളിലും ചെറുകിട പാർക്കുകളും ജോബ് സെന്ററുകളും സ്ഥാപിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.


മിഷൻ 1,00,000

സംസ്ഥാനത്തെ ഒരു ലക്ഷം നാനോ - മൈക്രോ സംരംഭങ്ങളെ ഒരു കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കി ഉയർത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകുകയാണ് മറ്റൊരു ലക്ഷ്യം. ഇതിന് പുറമെ, 1,000 ചെറുകിട സംരംഭങ്ങളെ 100 കോടി രൂപ വിറ്റുവരവുള്ള കമ്പനികളായി വളർത്തുന്നതിനുള്ള മിഷനും പൂർത്തിയാക്കും. ചെറുകിട വ്യവസായ പ്രോത്സാഹനത്തിന്റെ ഭാഗമായി സർക്കാർ ഇതിനകം തന്നെ നടപ്പാക്കിയ ഏകജാലക സംവിധാനം, പലിശ സബ്സിഡി, സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങിയ സേവനങ്ങൾ തുടരും.


പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണവും വൈവിധ്യവൽക്കരണവും

പുതിയ വ്യാവസായിക പദ്ധതിതകൾ ആവിഷ്കരിക്കുമ്പോഴും പരമ്പരാഗത വ്യവസായങ്ങളെയും സർക്കാർ ചേർത്തുപിടിക്കുന്നുണ്ട്. 2026ലെ പ്രകടന പത്രികയിൽ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണത്തെക്കുറിച്ച് നൽകിയിരിക്കുന്ന വാ​ഗ്ദാനങ്ങൾ അതിനുള്ള തെളിവാണ്.


കയർ, കശുവണ്ടി, കൈത്തറി, പനമ്പ് എന്നീ മേഖലകളെ നവീകരിക്കുന്നതിനും ഉൽപ്പന്നങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. ചകിരി, തോട്ടണ്ടി, നൂൽ, മുള തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കും. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി പരമ്പരാഗത മേഖലകളിൽ യന്ത്രവൽക്കരണം വിപുലപ്പെടുത്തും. ഉൽപ്പന്നങ്ങൾ 'കേരള ബ്രാൻഡ്' എന്ന ലേബലിൽ വിപണനം ചെയ്യുന്നതിനുള്ള നടപടികൾ നടപ്പാക്കും. തൊഴിലാളികൾക്കുള്ള 'ഇൻകം സപ്പോർട്ട് സ്കീം' തുകയും വർദ്ധിപ്പിക്കും.


പൊതുമേഖലാ ശാക്തീകരണം

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണവും പ്രകടന പത്രികയിലെ ആകർഷണങ്ങളുൾപ്പെടുന്നു. എല്ലാ വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിൽ പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തും. കൂടാതെ ഓരോ സ്ഥാപനത്തിനും വിപുലീകരണ പരിപാടികൾ ആവിഷ്കരിക്കും. പുതിയ പൊതുമേഖലാ നയം ആവിഷ്കരിക്കും. ഇതിനായി മാതൃകാ ഭരണ ചാർട്ടറിന് രൂപം നൽകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി രൂപീകരിച്ച ശമ്പള കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കും. പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home