print edition ആദ്യ ലാപ്പിൽത്തന്നെ എൽഡിഎഫ് ബഹുദൂരം മുന്നിൽ; ചർച്ച വികസനം തന്നെ

മിൽജിത് രവീന്ദ്രൻ
Published on Mar 18, 2026, 12:00 AM | 1 min read
2016ന് മുമ്പും ശേഷവും എന്ന നിലയിൽ വ്യക്തമായി അടയാളപ്പെടുത്തും വിധമുള്ള മാറ്റത്തിനാണ് കേരളം സാക്ഷിയായത്
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ നാടൊട്ടുക്കും ചർച്ച കേരളത്തിന്റെ സമാനതകളില്ലാത്ത വികസന മുന്നേറ്റംതന്നെ. തുടർച്ചയായി പത്തു വർഷം ഭരിച്ച സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം തെല്ലുമില്ല എന്നതും പ്രധാന സവിശേഷത. പത്തു വർഷം മുമ്പുള്ള യുഡിഎഫ് ഭരണകാലത്തെ നേരനുഭവം കൺമുന്നിലുള്ള ജനത അതിലേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നുമില്ല. ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറക്കിയതും ആദ്യ ലാപ്പിൽതന്നെ എൽഡിഎഫിനെ ബഹുദൂരം മുന്നിലെത്തിച്ചു. കേരള ചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് കഴിഞ്ഞ പത്തുവർഷം നാടു സാക്ഷിയായത്.
റോഡുകളായും പാലങ്ങളായും ആശുപത്രി, സ്‌കൂൾ കെട്ടിടങ്ങളായും വൻകിട പദ്ധതികളായും അത് ജനങ്ങൾക്കു മുന്നിലുണ്ട്. 2016ന് മുമ്പും ശേഷവും എന്ന നിലയിൽ വ്യക്തമായി അടയാളപ്പെടുത്തും വിധമുള്ള മാറ്റത്തിനാണ് കേരളം സാക്ഷിയായത്. പ്രകടനപത്രികയിൽ പറഞ്ഞതിനും അപ്പുറമുള്ള കാര്യങ്ങൾ നടപ്പാക്കി എന്നതും പുതിയ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രണ്ടു ലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. കിഫ്‌ബി വഴി ഒരു ലക്ഷം കോടിയുടെയും ബജറ്റ് വിഹിതത്തിലൂടെ ഒരു ലക്ഷം കോടിയിലധികം രൂപയുടെയും പദ്ധതികളാണ് നടപ്പായത്.
ഇതിനു പുറമെയാണ് രാജ്യത്തിനുതന്നെ മാതൃകയായ ക്ഷേമ പ്രവർത്തനങ്ങൾ. കേരളത്തിന്റെ ഇൗ മുന്നേറ്റംതന്നെയാണ് തെരഞ്ഞെടുപ്പ് വേളയിൽ കേരളം ചർച്ച ചെയ്യുന്നത്.
മാധ്യമങ്ങളും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു നേതൃത്വം നൽകുന്ന കനുഗോലു ടീമും നടത്തിയ സർവെകളിലും ഭരണവിരുദ്ധ വികാരമില്ല എന്നാണ് കണ്ടെത്തിയത്. എൽഡിഎഫ് എംഎൽഎമാർക്ക് മണ്ഡലങ്ങളിലുള്ള ജനപ്രീതിയും കനുഗോലു സർവെയിൽ പുറത്തുവന്നു.










0 comments